വാഷിംഗ്‌ടൺ: അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 20 ന് അധികാരമേൽക്കാനിരിക്കുന്ന നിയുക്ത പ്രസിഡന്റ് ട്രംപ് ഒരു ‘യുദ്ധ പ്രഖ്യാപന’വുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിനെതിരെയാണ് ട്രംപിന്റെ യുദ്ധ പ്രഖ്യാപനം. അമേരിക്കയിൽ ഇനി പുരുഷൻ, സ്ത്രീ എന്ന രണ്ട് ജെൻഡറുകള്‍ മാത്രം മതിയെന്നും യുഎസില്‍ ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നുമാണ് നിയുക്ത പ്രസിഡന്റിന്റെ പ്രഖ്യാപനം.
ഫിനിക്‌സില്‍ നടന്ന പരിപാടിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുമുള്ള ഉത്തരവുകളില്‍ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി.
‘അമേരിക്കയില്‍ ഇനി പുരുഷനും സ്ത്രീയുമെന്ന രണ്ട് ജെൻഡറുകള്‍ മാത്രമേയുണ്ടാവുകയുള്ളു. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനം യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
അതേസമയം പ്രസംഗത്തില്‍ ട്രംപ് തന്റെ വരാനിക്കുന്ന പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നേരിടുമെന്നും, മയക്കുമരുന്ന് കാര്‍ട്ടലുകളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. അതു പോലെ കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്നത് അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.