ദേശീയ ഗർഭച്ഛിദ്ര നിരോധനം അംഗീകരിക്കാൻ വിസമ്മതിച്ച് ട്രംപ്; അവകാശം സംസ്ഥാനങ്ങൾക്ക് വിടണമെന്നും നിർദേശം

ന്യൂയോർക്ക്: ദേശീയ ഗർഭഛിദ്ര നിരോധനത്തിൽ നിലപാട് പ്രഖ്യാപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഗർഭച്ഛിദ്രത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിടണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

“ഗർഭച്ഛിദ്രത്തെക്കുറിച്ചും ഗർഭച്ഛിദ്രത്തിനുള്ള അവകാശങ്ങളെക്കുറിച്ചും എൻ്റെ നിലപാട് എന്താണെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഗർഭഛിദ്രം നിയമപരമാക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്ന ഈ ഘട്ടത്തിൽ അതിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിടണമെന്നാണ് ഞാൻ കരുതുന്നത്. സംസ്ഥാനങ്ങൾ വോട്ടിലൂടെയോ നിയമനിർമ്മാണം നടത്തിയോ അല്ലെങ്കിൽ രണ്ടും സംയോജിപ്പിച്ചോ തീരുമാനിക്കട്ടെ. അവർ തീരുമാനിക്കുന്നതെന്തും രാജ്യത്തിൻ്റെ നിയമമായിരിക്കണം,” ട്രംപ് പറഞ്ഞു.

ഗർഭാവസ്ഥയിൽ എപ്പോഴാണ് ഗർഭഛിദ്രം നിരോധിക്കേണ്ടതെന്ന തന്റെ അഭിപ്രായം ട്രംപ് വീഡിയോയിൽ പറഞ്ഞില്ല. ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു ട്രംപിന്റെ പ്രതികരണം. വിഷയത്തിൽ നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവന നൽകുന്നത്.

16 ആഴ്ചത്തെ ദേശീയ ഗർഭച്ഛിദ്ര നിരോധനത്തിൽ യോജിപ്പുള്ളതായും യാഥാസ്ഥിതിക വിഭാഗക്കാരെ പിണക്കാതിരിക്കാനാണ് ഇക്കാര്യം പരസ്യമായി പറയാൻ മടിക്കുന്നതെന്നും ട്രംപ് ഉപദേശകരോട് പറഞ്ഞിരുന്നതായി ന്യൂയോർക് ടൈംസ് പത്രം ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് മുൻ പ്രസിഡന്റിന്റെ തുറന്നു പറച്ചിൽ. ഗർഭച്ഛിദ്ര നിയമ നിർമാണം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകി 2022ൽ യുഎസ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

More Stories from this section

family-dental
witywide