
വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിജന്റ് ആയി വീണ്ടും വൈറ്റ് ഹൗസിൽ എത്തിയാൽ, അനധികൃതമായി കുടിയേറ്റക്കാർക്കായി അമേരിക്കയുടെ മണ്ണിൽ തടങ്കൽപ്പാളയങ്ങൾ നിർമ്മിക്കുമെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
നിയമവിരുദ്ധമായി രാജ്യത്തെത്തുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്ന പ്രചാരണ വാഗ്ദാനത്തിൻ്റെ ഭാഗമായി പുതിയ തടങ്കൽപ്പാളയങ്ങൾ പണിയുമോയെന്ന് ട്രംപിനോട് ചോദിച്ചിരുന്നു.
“ഞാൻ ഒന്നും തള്ളിക്കളയുന്നില്ല,” ട്രംപ് പറഞ്ഞു. “എന്നാൽ അവയുടെ അത്രയധികം ആവശ്യം ഉണ്ടാകില്ല” കാരണം, യുഎസിൽ നിയമവിരുദ്ധമായി ജീവിക്കുന്ന കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് എത്രയും വേഗം തിരിച്ചയക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
“നമ്മൾ അവരെ നമ്മുടെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല. ഇവിടെ നിന്ന് അവരുടെ നാട്ടിലേക്ക് കയറ്റി അയയ്ക്കും,” ട്രംപ് പറഞ്ഞു.
യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ നിയമവിരുദ്ധമായ കടന്നു കയറ്റങ്ങൾ തിരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരെ ആയുധമാക്കിയിരിക്കുകയാണ് ട്രംപ്. ദേശീയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം വോട്ടർമാരുടെ പ്രധാന പ്രശ്നമാണ് കുടിയേറ്റം.