ഇന്ത്യക്ക് ഹാപ്പിയാകും! ‘സഖ്യകക്ഷികളെ പോലെ ഇന്ത്യയെ കാണുന്ന’ മാർക്കോ റൂബിയോക്ക്‌ സുപ്രധാന പദവി? ട്രംപിന്‍റെ ക്യാബിനെറ്റിൽ വിദേശകാര്യ സെക്രട്ടറിയെന്ന് സൂചന

വാഷിംഗ്ടൺ: തകർപ്പൻ ജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്ന ഡോണൾഡ് ട്രംപ് തന്‍റെ ക്യാബിനറ്റിലെ നി‍ർണായ സ്ഥാനങ്ങളിലേക്കുള്ള നിയമന നീക്കവുമായി മുന്നോട്ട് പോകുകയാണ്. നിയുക്ത പ്രസിഡന്‍റ് ഇതിനകം തന്നെ പല സുപ്രധാന പദവികളിലെയും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും പുറത്തുവരുന്ന വാർത്ത അടുത്ത വിദേശകാര്യ സെക്രട്ടറിയെ സംബന്ധിച്ചുള്ളതാണ്. മാർക്കോ റൂബിയോ ആകും അമേരിക്കയുടെ പുതിയ വിദേശ കാര്യ സെക്രട്ടറിയെന്നാണ് സൂചനകൾ പറയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ട്രംപ് ഉടൻ പ്രഖ്യാപിക്കും.

ഇന്ത്യയെ സഖ്യകക്ഷികളെ പോലെ കാണണമെന്ന് അഭിപ്രായമുള്ള റൂബിയോ വിദേശകാര്യ സെക്രട്ടറിയാകുന്നത് ഇന്ത്യയെ സംബന്ധിച്ചടുത്തോളം സന്തോഷം നൽകുന്ന തീരുമാനമാകും. അമേരിക്കയിൽ ജനിച്ച ക്യൂബൻ വംശജനായ മാർക്കോ റൂബിയോ, ഫ്ലോറിഡയിൽ നിന്നുള്ള യു എസ് സെനറ്റർ ആണ്. 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രൈമറിയിൽ ട്രംപിനെതിരെ മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. അമേരിക്കയിൽ ജനിച്ച ക്യൂബൻ വംശജനായ റൂബിയോ 2011 മുതൽ യു എസ് സെനറ്റ് അംഗമാണ്. സെനറ്റ് ഇന്‍റലിജൻസ് കമ്മിറ്റി വൈസ് ചെയർമാനും ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗവുമാണ് റൂബിയോ.

അതേസമയം നേരത്തെ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി റിപ്പബ്ലിക്കൻ പ്രതിനിധിയായ മൈക്കൽ വാൾട്സ് ചുമതലയേൽക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിരമിച്ച ആർമി നാഷണൽ ഗാർഡ് ഓഫീസറും യുദ്ധ വിദഗ്ധനുമായ മൈക്കൽ വാൾട്‌സ് കടുത്ത ചൈന വിമർശകനാണ്. ഏഷ്യ – പസഫിക് മേഖലയിലെ ചൈനയുടെ പ്രവർത്തനങ്ങളെ വാൾട്സ് രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മേഖലയിൽ ഒരു സംഘട്ടനത്തിന് പോലും അമേരിക്ക തയ്യാറാണെന്ന് വാൾട്സ് മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ജോർജ്ജ് ഡബ്ല്യു ബുഷ് ഭരണ കാലത്ത് പെന്റഗണിലും വൈറ്റ് ഹൗസിലും അദ്ദേഹം പ്രതിരോധ നയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഇന്ത്യ – അമേരിക്ക ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് വാൾട്സ് എന്നത് ഇന്ത്യയെ സംബന്ധിച്ചടുത്തോളം ശുഭ പ്രതീക്ഷയാണ്.

Also Read

More Stories from this section

family-dental
witywide