നിര്‍ണായക സംസ്ഥാനങ്ങളിലെ പ്രചരണങ്ങളില്‍ നിന്നും വഴിമാറി ട്രംപ്, ഇത് അമിത ആത്മവിശ്വാസമോ, അതോ?

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വെറും 5 ദിവസങ്ങള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. ആകാംക്ഷയിലും അതിലേറെ നെഞ്ചിടിപ്പിലുമാണ് അമേരിക്ക ചലിക്കുന്നത്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപ് ഈ ആഴ്ച ന്യൂ മെക്സിക്കോയിലും വിര്‍ജീനിയയിലും റാലികള്‍ സംഘടിപ്പിക്കാനുള്ള തിരക്കിലാണ്. അവസാന ഘട്ട പ്രചാരണത്തില്‍ നിര്‍ണായക സംസ്ഥാനങ്ങളില്‍ നിന്നും വഴി മാറിയാണ് ട്രംപിന്റെ പോക്ക്.

രണ്ട് പതിറ്റാണ്ടായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ടിലൂടെ പിന്തുണ നല്‍കാത്ത രണ്ട് സംസ്ഥാനങ്ങളാണ് ന്യൂ മെക്സിക്കോയും വിര്‍ജീനിയയും. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ തോല്‍പ്പിക്കാന്‍ താന്‍ മികച്ച നിലയിലാണെന്ന ആത്മവിശ്വാസത്തോടെയാണ് ട്രംപ് വ്യാഴാഴ്ച ന്യൂ മെക്സിക്കോയിലെ ആല്‍ബുകെര്‍ക്കിലേക്ക് പോകുന്നതെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ അങ്ങനെയല്ല, ആത്മവിശ്വാസത്തിന് മങ്ങലുണ്ടെന്നും ചിലര്‍ കരുതുന്നു.

ന്യൂ മെക്സിക്കോ, വിര്‍ജീനിയ, ന്യൂ ഹാംഷെയര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ഭൂരിഭാഗം സ്വതന്ത്ര സര്‍വേകളിലും ട്രംപിന്റെ പിന്തുണ കമലയേക്കാള്‍ 5 പോയിന്റിലധികം പിന്നിലാണ്. തിരഞ്ഞെടുപ്പ് ദിനത്തിലേക്കുള്ള കൗണ്ട്ഡൗണിലെ പോളിംഗ് വര്‍ദ്ധിപ്പിക്കുന്നതിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപിന്റെ പ്രചരണ ക്യാമ്പെയ്‌നിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കുടിയേറ്റം, പണപ്പെരുപ്പം, വിദേശ യുദ്ധങ്ങള്‍ എന്നിവയില്‍ തന്റെ അഭിപ്രായങ്ങള്‍ എടുത്തുകാട്ടി കമലയുമായുള്ള അന്തരം ഉയര്‍ത്തിക്കാട്ടാനും ട്രംപ് ശ്രമിക്കും.

പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, അരിസോണ, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ വലിയ ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ എല്ലാം ട്രംപിനെ അനുകൂലിക്കുമെന്നതിലും ഉറപ്പില്ല. 2020ല്‍ ജോര്‍ജിയ, അരിസോണ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളിലായി 44,000ല്‍ താഴെ വോട്ടുകള്‍ക്കാണ് ട്രംപ് പരാജയപ്പെട്ടത്. ഇലക്ടറല്‍ കോളേജിലെ 270 വോട്ടുകളുടെ പരിധിയിലെത്താനും വൈറ്റ് ഹൗസ് തിരികെ നേടാനും അദ്ദേഹത്തിന് നിരവധി തന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടതുണ്ട്. സുപ്രധാന സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പ്രചാരണം നടത്താനുള്ള തീരുമാനവും അതില്‍പ്പെട്ടതുതന്നെയോ ?. എന്നാല്‍ 270 ഇലക്ടറല്‍ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാള്‍ വിര്‍ജീനിയയിലേക്കും ന്യൂ മെക്സിക്കോയിലേക്കും പോകാനുള്ള സാധ്യത ഈ ഘട്ടത്തിലില്ലെന്ന് ട്രംപിന്റെ 2020 പ്രചാരണ ടീമില്‍ സേവനമനുഷ്ഠിച്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, ഓരോ സംസ്ഥാനത്തേക്കുള്ള ഓരോ സന്ദര്‍ശനത്തിന്റെയും മൂല്യം ട്രംപും സംഘവും മനസ്സിലാക്കുന്നു. ആ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ തനിക്ക് അവസരമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവര്‍ അല്‍ബുക്കര്‍ക്കിയിലും, വിര്‍ജീനിയയിലും റാലികള്‍ ഷെഡ്യൂള്‍ ചെയ്യില്ലെന്നും നിലവിലെ പ്രചാരണ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്തായാലും അവസാനഘട്ട പ്രചാരണം തകൃതിയായി തന്നെ നടക്കുകയാണ്.