ശുഭ ജോസഫ്
സംഘർഷഭരിതമായ ഒരു രാഷ്ട്രീയ വേനൽക്കാലം പിന്നിട്ട് അമേരിക്ക വിളവെടുപ്പിന്റെ ഒരു ശിശിര കാലത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിലെ നിർണായ ഘടകങ്ങളിൽ ഒന്നായ പ്രസിഡൻ്റഷ്യൽ ഡിബേറ്റ് നാളെ നടക്കാനിരിക്കെ ആരുടെ കൂടയിലായിരിക്കും വിജയത്തിന്റെ ഫലങ്ങൾ നിറയുക
കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ് വരാനിരിക്കുന്നത്. കമല ഹാരിസിന് ഇത് പുതിയ അനുഭവമാണ്. ഒരു മുൻ പ്രസിഡൻ്റിനെ നേരിട്ട് നേരിടാനുള്ള ഏക അവസരം. ജൂലൈയിലെ ബൈഡൻ – ട്രംപ് സംവാദത്തിലെ ബൈഡൻ്റെ പരാജയത്തെ തുടർന്നാണ് കമല യുഎസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. സ്ഥാനാർഥിയായ അന്നു മുതൽ കമല ഹാരിസ് വോട്ടർമാർക്ക് ഇടയിൽ നിലനിർത്തുന്ന ഒരാവേശമുണ്ട്. അത് ഇതുവരെ അണഞ്ഞുപോയിട്ടില്ല. പക്ഷേ ഇത് കമലയുടെ ആദ്യത്തെ സംവാദമാണ്. ട്രംപിന് ഇതിൽ പുതുമയൊന്നുമില്ല. ഇരുവരേയും സംബന്ധിച്ച് ഈ സംവാദം വളരെ പ്രധാനമാണ്. കാരണം ഇപ്പോഴും ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജനപ്രിയത കൂടുതൽ കമലയ്ക്ക് തന്നെയാണ്. പക്ഷേ അമേരിക്കൻ തിരഞ്ഞെടുപ്പിലെ നിർണായ ശക്തി ജനപ്രിയതയല്ല. 270 ഇലക്ടറൽ വോട്ടുകളിലേക്ക് എങ്ങനെ എത്തുമെന്നാണ് ഇരുവരും ഉറ്റുനോക്കുന്നത്. ഒരു പാർട്ടിക്കും കണ്ണുംപൂട്ടി കൈകൊടുക്കാൻ തയാറല്ലാത്ത 7 സംസ്ഥാനങ്ങൾ, സ്വിങ് സ്റ്റേസ്റ്റ്സ് എന്നറിയപ്പെടുന്ന വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ , നെവാഡ, ജോർജിയ, നോർത്ത് കാരലീന, അരിസോണ എന്നീ സംസ്ഥാനങ്ങളിലെ 100 ഇലക്ട്രൽ വോട്ടുകളായിരിക്കും വൈറ്റ്ഹൌസിൽ ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം പറയുക.
കാറ്റുംകോളും നിറഞ്ഞ തിരഞ്ഞെടുപ്പ് കാലം
അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രവചനാതീതമാണ്. ഒരോ നിമിഷവും നിർണായകവുമാണ്. തിരഞ്ഞെടുപ്പ് ച്രചാരണം തുടങ്ങുമ്പോൾ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. പെൻസിൽവേനിയയിലെ ഒരു റാലിയിൽ ഒരു കൊലയാളിയുടെ ബുള്ളറ്റിൽ നിന്ന് ട്രംപ് കഷ്ടിച്ച് രക്ഷപ്പെട്ടു. അതോടെ ട്രംപിനോടുള്ള സഹാനുഭൂതി ജനത്തിനിടയിൽ വർധിച്ചു.
81 വയസ്സുള്ള ബൈഡൻ ട്രംപുമായുള്ള സംവാദത്തിൽ പരാജയപ്പെട്ടതോടെ ചിത്രം മാറി. ബൈഡൻ സ്ഥാനാർത്ഥിത്വം ഉപേക്ഷിച്ചു. അപ്രതീക്ഷിതമായി കമല ഹാരിസ് അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്കു വന്നു. നവംബറിൽ തോറ്റാലും തോൽക്കില്ല എന്ന് ട്രംപ് പലവുരു പറഞ്ഞുവച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും പുതിയ കണക്കു പ്രകാരം രണ്ടു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണ്. രണ്ടു പേർക്കും ഇരുവരുടേയും പാർട്ടിയുടെ പൂർണതോതിലുള്ള പിന്തുണയുമുണ്ട്.
ഗെയിം ചേഞ്ചർ ആയി മാറാവുന്ന ഡിബേറ്റ്
നാളത്തെ ഡിബേറ്റ് വലിയ ഒരു മാറ്റത്തിന് തുടക്കമിട്ടേക്കും – ഇരുവരും പറയുന്നത് എന്താണ് എന്ന് ജനം വിലയിരുത്തും. കുടിയേറ്റമാണ് പ്രധാന വിഷയങ്ങളിൽ ഒന്ന്. കടുത്ത കുടിയേറ്റ വിരുദ്ധ നയമാണ് ട്രംപിനുള്ളത്. ഡെമോക്രാറ്റുകളാകട്ടെ ഇതിൽ മൃദു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സിഎൻഎൻ അഭിമുഖത്തിൽ കമലാ ഹാരിസ് ഇതിൽ നിന്ന് ഒരു മാറ്റം സ്വീകരിക്കുന്നതായും അതിർത്തിയിലെ മതിൽ നിർമിക്കുന്നതിനെ അനുകൂലിക്കുന്നതായും കാലിഫോർണിയ അറ്റോർണി ജനറലായിരുന്ന കാലത്ത് അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കനത്ത നടപടി സ്വീകരിച്ചിരുന്നതായും അവകാശപ്പെട്ടു. എന്നാൽ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് ഇരുവർക്കും വ്യക്തതയില്ല.
യുഎസിലെ ജനം ഉറ്റുനോക്കുന്ന വലിയ വിഷയം അമേരിക്കൻ ഇക്കോണമിയാണ്. ട്രംപിൻ്റെ കാലത്തേക്കാൾ മോശമാണ് ബൈഡൻ്റെ ഇക്കോണമിയെന്നാണ് പൊതുവെ വിലയിരുത്തൽ. എന്നാൽ സുസ്ഥിരമായ ഒരു സമ്പദ് വ്യവസ്ഥ അമേരിക്കയിൽ നിലനിൽക്കുന്നുണ്ട്. ട്രംപ് പ്രസിഡൻ്റായാൽ വൻകിട ബിസിനസുകാർക്ക് നികുതി ഇളവ് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളെ വിശദീകരിക്കാൻ കമലാ ഹാരിസിന് നല്ലപോലെ ഹോംവർക്ക് ചെയ്യേണ്ടി വരും.
മറ്റൊരു പ്രധാന വിഷയം ഗർഭച്ഛിദ്രമാണ്. സ്ത്രീയുടെ ശരീരത്തിന്റെ അവകാശം , അവളുടെ പ്രത്യുൽപാദന അവകാശം തുടങ്ങിയവ സ്ത്രീക്കു തന്നെയാണ് എന്ന് ശക്തമായി വാദിക്കുന്ന കമലാ ഹാരിസിന് ഏറ്റവും കൂടുതൽ പിന്തുണ കിട്ടുന്നതും ഈ വിഷയത്തിലാണ്. സ്ത്രീകൾ ഭൂരിപക്ഷവും ഈ കാര്യത്തിൽ ഹാരിസിന് ഒപ്പമാണ്. എന്നാൽ ട്രംപിൻ്റെ നിലപാടിന് കത്തോലിക്കാ സഭയുടേയും യഥാസ്ഥിതികരുടേയും പിന്തുണ ഉണ്ട്.
സംവാദത്തിൽ പറയുന്ന നിലപാടുകൾക്കും നയങ്ങൾക്കും ഉള്ള അത്രതന്നെ പ്രധാന്യമുണ്ട് സംവാദത്തിലെ അവതരണ മികവിനും പെരുമാറ്റത്തിനും വാക്കുകളുടെ ഉപയോഗത്തിനും എന്തിന് ശബ്ദ ക്രമീകരണത്തിനു പോലും. ഇത്തരം കാര്യങ്ങളിലായിരുന്നു ബൈഡൻ പരാജയപ്പെട്ടത്.
യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡൻ്റാകാൻ മത്സരിക്കുന്ന ഒരു ആഫ്രോ – ഏഷ്യൻ – അമേരിക്കൻ സ്ഥാനാർത്ഥിക്ക് അരികിൽ നിന്നു കൊണ്ട് ട്രംപ് ആക്രമണോൽസുകനായി സംസാരിക്കും എന്ന് തന്നെ എല്ലാവരും കരുതുന്നു. കടുത്ത ഭാഷയിൽ ആക്രമിക്കുകയും അപമാനിക്കുകയുമൊക്കെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ശൈലിയാണ് , തന്ത്രമാണ്. പക്ഷേ നാക്കിനു മൂർച്ചയുള്ള ഒരു പ്രോസിക്യൂട്ടറാണ് കമല.
ട്രംപ് ഇപ്പോൾ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻഷ്യൽ സ്ഥാനാർഥിയാണ്, താനില്ലെങ്കിൽ അമേരിക്കയുടെ ലോകം തന്നെ അവസാനിക്കുമെന്നാണ് ട്രംപിൻ്റെ വാദം. എന്നാൽ ആത്മവിശ്വാസ ഭരിതമായ രീതിയിലാണ് കമലയുടെ മുന്നേറ്റം , യുവാക്കളും വിദ്യാസമ്പന്നരും ടെക്നോക്രാറ്റകളും കമലയെയാണ് പിന്തുണയ്ക്കുന്നത്.
സാധ്യമായ എല്ലാ അവസരങ്ങളിലും നുണയോ അർധ സത്യമോ പറയാൻ മടിയില്ലാത്ത, എതിരാളിയെ ഏതു വിധത്തിലും അപമാനിക്കാൻ മടിയില്ലാത്ത വ്യക്തിയാണ് ട്രംപ്. കമലാ ഹാരിസ് ഒരു കമ്യൂണിസ്റ്റാണെന്നാണ് ട്രംപിൻ്റെ ഒരു ആക്ഷേപം, ഒരു കറുത്ത വർഗക്കാരിയെന്ന തൻ്റെ അസ്തിത്വത്തെ ആഘോഷിക്കുന്ന കമലയെ തോൽപ്പിക്കാൻ , അവർ പ്രധാനമായും ഇന്ത്യക്കാരിയാണെന്ന് ട്രംപ് പറയുന്നു. കമല സാരിയുടുത്തു നിൽക്കുന്ന ഫോട്ടോ ട്രംപ് പോസ്റ്റ് ചെയ്യുന്നു.. ഇത്തരത്തിലുള്ള ട്രംപിനെ കൈകാര്യം ചെയ്യാൻ കമല നന്നായി അധ്വാനിക്കേണ്ടി വരും. വംശീയമായി മാത്രമല്ല വളരെ സെക്സിറ്റായ പല പരാമർശങ്ങളും കമലയ്ക്ക് എതിരെ ട്രംപ് ഉപയോഗിച്ചിട്ടുണ്ട്. പക്ഷി ചിലക്കുന്നപോലെ ചിരിക്കുന്നവർ , ഭ്രാന്തി.. എന്നൊക്കെ വളരെ വ്യക്തിപരമായി അപമാനിക്കും വിധം അവരെ ചൊറിയുന്നത് ട്രംപിൻ്റെ ഹോബിയാണ്.
കൊലയാളികളെയും കുട്ടികളെ വേട്ടയാടുന്നവരെയും സീരിയൽ റേപ്പിസ്റ്റുകളെയും ഇറക്കുമതി ചെയ്യുന്ന ഒരു തെമ്മാടി ഭരണത്തിനെതിരെ താൻ പോരാടുകയാണെന്നാണ് കുടിയേറ്റത്തെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് ഇന്നലെ സംസാരിച്ചത്. നിർദയമായി വാക്കുകൾകൊണ്ട് കുത്തികൊല്ലുന്ന ട്രംപിനെ കമല എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണാം. സിവിലും ക്രിമിനലുമായി നിരവധി കേസുകളുണ്ട് ട്രംപിൻ്റെ പേരിൽ. വ്യവഹാരം നടത്തി, സ്വന്തം വിമാനങ്ങളിലൊന്നു പോലും വിൽക്കേണ്ടി വന്ന ഇദ്ദേഹത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഒരു പ്രോസിക്യൂട്ടറായ തനിക്ക് അറിയാമെന്ന് കമല പറഞ്ഞു കഴിഞ്ഞു.
ഹാരിസിനെ സംബന്ധിച്ചിടത്തോളം, താൻ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ യോഗ്യയാണെന്ന് അമേരിക്കക്കാരെ കാണിക്കാനുള്ള ഒരു പ്രധാന നിമിഷമാണിത്. ട്രംപിൻ്റെ ഭാഷയിൽ പറഞ്ഞാൽ ദൈവം പറഞ്ഞയച്ച ഒരു ദൂതനാണ് അയാൾ, കമലയാകട്ടെ കമ്യൂണിസം എന്ന പാപത്തിന് അടിമയും. കമലയെ സംബന്ധിച്ച ട്രംപ് ഒരു ശല്യക്കാരനായ കുറ്റവാളിയും സ്ത്രീ പീഡകനും സർക്കാരിനെ പറ്റിക്കാൻ നോക്കുന്ന വൻ വ്യവസായിയുമാണ്. ജനമാണ് തീരുമാനിക്കുക ആര് തങ്ങളെ ഭരിക്കണം എന്ന്.. അവർ എഴുതട്ടെ വിധി.
Trump – Kamala Debate Tomorrow What to expect