കമല ഹാരിസിനൊപ്പം ഇനിയൊരു സംവാദത്തിൽ പങ്കെടുക്കാനില്ലെന്ന് ട്രംപ്

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ എതിരാളിയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസിനൊപ്പം ഇനിയൊരു തിരഞ്ഞെടുപ്പ് ചർച്ചയിൽ പങ്കെടുക്കാനില്ലെന്ന് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ജൂണിൽ പ്രസിഡന്റ് ജോ ബൈഡനുമായും, കഴിഞ്ഞ ദിവസം കമല ഹാരിസുമായും ട്രംപ് സംവാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു സംവാദം ഉണ്ടാകില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

ജൂണിൽ സിഎൻഎന്നിന്റെ ആതിഥേയത്വത്തിൽ ട്രംപുമായി നടന്ന സംവാദത്തിന് പിന്നാലെയാണ് ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം ഉടലെടുക്കുന്നത്. സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ബൈഡനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. ബൈഡൻ മത്സരിച്ചാൽ പരാജയപ്പെടുമെന്നും, ട്രംപിന് മേൽക്കൈ ലഭിക്കുമെന്നും പൊതുവെ വിലയിരുത്തലുകൾ ഉണ്ടായി. വിമർശനം ശക്തമായതിന് പിന്നാലെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് ബൈഡൻ സ്വീകരിച്ചത്.

ഇതിന് പിന്നാലെ വൈസ് പ്രസിഡന്റ് കൂടിയായ കമല ഹാരിസിനെ സ്ഥാനാർത്ഥിയായി പാർട്ടി അംഗീകരിക്കുകയും ചെയ്തു. രാജ്യത്തേയും ആഗോള തലത്തിലേയും വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഇരുവരും തമ്മിൽ നടന്ന സംവാദം.

സാമ്പത്തിക പരിഷ്‌കരണം, ഗർഭച്ഛിദ്ര നിയമം, ഇസ്രായേൽ-ഹമാസ് യുദ്ധം, റഷ്യ-യുക്രെയ്ൻ പോരാട്ടം, കുടിയേറ്റ നയം, ക്യാപിറ്റോൾ ആക്രമണം, വിദേശനയം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇരുവരും തമ്മിൽ ശക്തമായ വാഗ്വാദമാണ് നടന്നത്. ട്രംപിനോടൊപ്പം നടത്തിയ സംവാദത്തിൽ ജോ ബൈഡന് സംഭവിച്ച പരാജയത്തെ തുടച്ചുനീക്കുന്നതാണ് ഫിലാഡൽഫിയയിൽ കമല ഹാരിസ് നടത്തിയ പ്രകടനമെന്നാണ് യുഎസ് മാധ്യമങ്ങൾ വിലയിരുത്തിയത്.

More Stories from this section

family-dental
witywide