യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്നു വിധിക്കപ്പെട്ട ഹഷ് മണി കേസിൻ്റെ വിധി അസാധുവാക്കണം എന്നാവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകർ ന്യൂയോർക്ക് കോടതിയെ സമീപിച്ചു. കേസിൻ്റെ വിധി സെപ്റ്റംബർ 18നു വരാനിരിക്കെയാണ് പുതിയ നീക്കം. പ്രസിഡൻ്റ് എന്ന നിലയിൽ ട്രംപിന് ചില കാര്യങ്ങളിൽ നിയമപരിരക്ഷയുണ്ടെന്ന് ജൂലൈ ഒന്നിനു സുപ്രീം കോടതി വിധിച്ചിരുന്നു. ഈ പഴുത് ഉപയോഗിച്ച് ഹഷ് മണി കേസിലെ വിധി ജൂലൈയിൽ വരാനിരുന്നത് സെപ്റ്റംബറിലേക്ക് മാറ്റാനും ട്രംപിന് ആയിരുന്നു.
കേസുതന്നെ അസാധുവാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ ട്രംപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹഷ് മണി കേസിൽ മാൻഹട്ടൻ പ്രോസിക്യൂട്ടർമാർ ധൃതിയിലും തെറ്റായ രീതിയിലും ട്രംപിനെ വിചാരണ ചെയ്യാൻ തിടുക്കം കൂട്ടിയെന്നും അതിനാൽ പ്രസിഡൻ്റിന്റെ പ്രത്യേക നിയമ പരിരക്ഷ ലഭിക്കുന്ന സുപ്രീം കോടതി വിധി വരും വരെ കാത്തിരിക്കാൻ അവർ തയാറിയല്ല എന്നും അഭിഭാഷകർ വാദിക്കുന്നു. അതിനാൽ അവർ നടത്തിയ വിചാരണ നിയമപരം അല്ല.
“സുപ്രീം കോടതിയുടെ മാർഗനിർദേശത്തിനായി കാത്തിരിക്കുന്നതിനുപകരം, പ്രോസിക്യൂട്ടർമാർ മുൻ പ്രസിഡൻ്റ് ട്രംപിൻ്റെ പ്രത്യേക പരിരക്ഷാ വാദങ്ങളെ പരിഹസിക്കുകയും വിചാരണ വേഗത്തിലാക്കാൻ നിർബന്ധിക്കുകയും ചെയ്തു,” ട്രംപിൻ്റെ അഭിഭാഷകരായ ടോഡ് ബ്ലാഞ്ചും എമിൽ ബോവും എഴുതി. ഈ അനീതികൾ പരിഹരിക്കാൻ കുറ്റം വിധിച്ച ജഡ്ജി ജുവാൻ എം മെർച്ചൻ തയാറാകണമെന്നും, സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ അങ്ങനെ ചെയ്യാൻ ജഡ്ജി ബാധ്യസ്ഥനാണെന്നും അഭിഭാഷകർ വാദിച്ചു.
സെപ്തംബർ 6 ന് ട്രംപിൻ്റെ അഭ്യർത്ഥനകളിൽ താൻ വിധി പറയുമെന്നും ആവശ്യമുണ്ടെങ്കിൽ മാത്രം സെപ്റ്റംബർ 18 ന് ട്രംപിനു ശിക്ഷവിധിക്കുമെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
2016 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ട്രംപുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ രതിചിത്ര നടി സ്റ്റോമി ഡാനിയൽസി 130,000 ഡോളർ നൽകിയെന്നും അത് ബിസിനസ്സ് റെക്കോർഡുകൾ വ്യാജമായി രേഖപ്പെടുത്തി എന്നുമായിരുന്നു കേസ്.
Trump presses New York Court to Overturn Hush money conviction