വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പോരാട്ടം കനക്കവെ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും ഡൊമാക്രാറ്റ് സ്ഥാനാർഥി കമല ഹാരിസുമായി രണ്ടാമതൊരു സംവാദം സാധ്യമോയെന്ന ചോദ്യങ്ങൾ അവസാനിക്കുന്നു. നവംബർ 5 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ മാസം അവസാനം ഇരുവരും തമ്മിലുള്ള സംവാദത്തിന് ഫോക്‌സ് ന്യൂസ് ഒരുക്കിയ പ്ലാനും പൊളിഞ്ഞു. കമലാ ഹാരിസുമായി ഇനിയൊരു സംവാദത്തിനില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. പ്രസിഡന്‍റ് സ്ഥാനാർത്ഥികളെയും ഒക്ടോബർ 24 നോ ഒക്ടോബർ 27 നോ രണ്ടാമതൊരു സംവാദത്തിൽ പങ്കെടുക്കാൻ ഫോക്സ് ന്യൂസ് ക്ഷണിച്ചതിന് മണിക്കൂറുകൾക്കകം തന്നെ നോ പറഞ്ഞുള്ള ട്രംപിന്‍റെ കട്ടായം മറുപടി എത്തി.
സെപ്തംബർ 10 ന് ഹാരിസും സംവാദം നടത്തിയെന്നും ഇനിയൊരു സംവാദത്തിന്‍റെ ആവശ്യമില്ലെന്നുമാണ് ട്രംപ് പറയുന്നത്. നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു സംവാദത്തിനുള്ള സമയമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ ഒക്‌ടോബർ 23 ന് ഒരു സംവാദത്തിനുള്ള സി എൻ എന്നിൽ നിന്നുള്ള ക്ഷണവും ട്രംപ് നിരസിച്ചിരുന്നു. എന്നാൽ സംവാദത്തിന് ഇനിയും താൻ തയ്യാറാണെന്ന നിലപാടിലാണ് കമല ഹാരിസ്.