ലോക ക്രിമിനലുകളുടെ തലസ്ഥാനമാക്കി ബൈഡനും കമലയും യുഎസിനെ മാറ്റിയെന്ന് ട്രംപ്; ‘മനുഷ്യക്കടത്താണ് ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ കച്ചവടം’

ഫ്ളോറിഡ: പ്രസിഡന്റ് ജോ ബൈഡനെതിരെയും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന കമലാ ഹാരിസിനെതിരെയും അതിരൂക്ഷമായ ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ളോറിഡയിലെ വെസ്റ്റ്പാം ബീച്ചില്‍ നടന്ന ദ ബിലീവേഴ്സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റമാണ് ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഏഷ്യയില്‍ നിന്നും ലോകത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നും തീവ്രവാദികളും ക്രിമിനലുകളും അമേരിക്കയിലേക്ക് എത്തുന്നു. ഇവര്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുകയാണ് ബൈഡനും കമലാ ഹാരിസും ചെയ്യുന്നതെന്ന് ട്രംപ് വിമർശിച്ചു.

വന്‍ തോതിലുള്ള മനുഷ്യക്കടത്താണ് ഇന്ന് അമേരിക്കയിലേക്ക് നടക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ച് നടക്കുന്ന മനുഷ്യക്കടത്ത് ഏറ്റവും വലിയ കച്ചവടമായി മാറിയിരിക്കുന്നു. വന്‍ ലോബികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. മയക്കുമരുന്ന് കച്ചവടം പോലെ തന്നെ അപകടകരമായി മാറിയിരിക്കുകയാണ് മനുഷ്യക്കടത്ത്. ഇതുവഴി ക്രിമിനലുകളും തീവ്രവാദികളും വരെ അമേരിക്കയിലേക്ക് എത്തുന്നു. ഇന്ന് അമേരിക്കയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 72 ശതമാനവും അനധികൃതമായി കുടിയേറിയവര്‍ നടത്തുന്നതാണ്. വെനുസ്വലയില്‍ ഇന്ന് കുറ്റകൃത്യമേ ഇല്ല. കാരണം അവിടുത്തെ എല്ലാ ക്രിമിനലുകളും ഇപ്പോള്‍ അമേരിക്കയിലാണ്. എല്ലാ രാജ്യങ്ങളിലെയും ക്രമിനലുകളെ കൊണ്ടുവരുന്നത് ഇപ്പോള്‍ അമേരിക്കയിലേക്കാണ്. ഈ അപകടത്തില്‍ നിന്ന് അമേരിക്കയെ രക്ഷപ്പെടുത്തിയേ മതിയാകൂ- ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരുടെ കടന്നുവരവ് അമേരിക്കയിലെ എല്ലാ ഇടങ്ങളിലും ജനങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ക്ക് കിട്ടേണ്ട ജോലി അനധികൃത കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നു. യൂണിയന്‍ ജോലികള്‍ പോലും തട്ടിയെടുക്കപ്പെടുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നത് ബൈഡന്‍ ഭരണകൂടമാണ്. വലിയ അപകടത്തിലേക്കാണ് ബൈഡനും കമലാ ഹാരിസും അമേരിക്കയെ തള്ളിവിടുന്നതെന്ന് ട്രംപ് വിമർശിച്ചു.

ലോകം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണ്. അമേരിക്കയ്ക്ക് മാത്രമെ അത് തടയാന്‍ സാധിക്കുകയുള്ളൂ. ബൈഡന്റെ നേതൃത്വത്തിന് സാധിക്കാത്തത്, കമലാ ഹാരിസിന്റെ നേതൃത്വത്തിനും സാധിക്കില്ല. അതിനാല്‍ അമേരിക്കയെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം.

വിലക്കയറ്റം അതിരൂക്ഷമാണ്. വലിയ നികുതിയാണ് ബൈഡന്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. ആകെ നികുതിയില്ലാത്തത് അഴിമതിക്ക് മാത്രമാണെന്ന് ട്രംപ് പരിഹസിച്ചു.

അമേരിക്കന്‍ അതിര്‍ത്തികള്‍ ശക്തിപ്പെടുത്തി അനധികൃത കുടിയേറ്റം ശക്തമായി തടയുകയായിരിക്കും താന്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യം ചെയ്യുക എന്ന് ട്രംപ് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്തും, അമേരിക്കയെ സാമ്പത്തികമായി ശക്തിപ്പെടുത്തും, അമേരിക്കന്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. എല്ലാ മനുഷ്യര്‍ക്കും നീതി ഉറപ്പാക്കും. ജോ ബൈഡന്‍-കമലാ ഹാരിസ് ഭരണം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide