വാഷിങ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ചൂടേറുന്നതിനിടെ വമ്പൻ പ്രഖ്യാപനവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇത്തവണത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ 2028 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെതിരെ ഇത്തവണ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അടുപ്പിച്ച് നാലാമത്തെ തവണയും മത്സരിക്കുമോയെന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷറില്‍ അറ്റ്കിസ്സണിന്റെ ‘ഫുള്‍ മെഷര്‍’ എന്ന പരിപാടിയിലെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്. ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, മുന്‍ ഡെമോക്രാറ്റിക് പ്രതിനിധി തുള്‍സി ഗബ്ബാര്‍ഡ്, മുന്‍ സ്വന്തന്ത്ര പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ തുടങ്ങിയാളുകള്‍ക്ക് തന്റെ ഭരണത്തില്‍ ഏത് പദവിയായിരിക്കും നല്‍കുകയെന്നും അറ്റ്കിസ്സണ്‍ ചോദിച്ചു. എന്നാല്‍ താന്‍ ആരുമായും തീരുമാനങ്ങളിലെത്തിയിട്ടില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.