വധശ്രമമുണ്ടായ അതേ നഗരത്തിൽ റാലി നടത്തുമെന്ന് ട്രംപ്; ‘കാത്തിരിക്കൂ, വിവരങ്ങൾ പിന്നാലെ’യെന്നും മുൻ പ്രസിഡന്റ്

ബട്‌ലർ: രണ്ടാഴ്ച മുമ്പ് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തനിക്കെതിരെ വധശ്രമമുണ്ടായ അതേനഗരത്തിൽ മറ്റൊരു മനോഹരമായ റാലി സംഘടിപ്പിക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കൂവെന്നും ട്രംപ് തന്റെ അണികളോട് ആവശ്യപ്പെട്ടു.

“പെൻസിൽവേനിയയിലെ ബട്‌ലറിലേക്ക് ഞാൻ മടങ്ങിച്ചെന്ന് വലുതും മനോഹരവുമായ മറ്റൊരു റാലി സംഘടിപ്പിക്കും,” സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചു.

ജൂലൈ 13നാണ് ബട്‌ലറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ടിരിക്കെ വൈകിട്ട് 6.15ന് ട്രംപ് വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ട്രംപിന്റെ വലതു ചെവിയുടെ മുകൾഭാഗത്തു നിസാര പരുക്കേൽപ്പിച്ച് വെടിയുണ്ട കടന്നുപോകുകയായിരുന്നു. അതേസമയം അദ്ദേഹത്തിനു പിന്നിലായി വേദിയിലുണ്ടായിരുന്ന അനുയായി കോറി കോംപറാറ്റോർ (50) വെടിയേറ്റു മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വേദിയിൽനിന്ന് 140 മീറ്റർ അകലെ കെട്ടിടത്തിന്റെ മേ‍ൽക്കൂരയിൽ നിന്നു ട്രംപിനു നേരെ 4 തവണ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്സിനെ (20) സുരക്ഷാസംഘാംഗങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വെടിവച്ചുകൊലപ്പെടുത്തി.