നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി റോബർട്ട് എഫ് കെന്നഡി റിപ്പബ്ളിക്കൻ വോട്ടുകൾ ഭിന്നിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് ക്യാപിൻ്റെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ കെന്നഡിയെ ട്രംപും കൂട്ടരും കാര്യമായി പരിഗണിച്ചിരുന്നില്ല. ഒരു ശല്യക്കാരനായി മാത്രം പരിഗണിച്ചിരുന്ന കെന്നഡി പക്ഷേ ഇപ്പോൾ അവർക്ക് ഒരു പ്രശ്നക്കാരനായി മാറിയിരിക്കുകയാണ്. “അദ്ദേഹം ഞങ്ങൾക്ക് ഒരു പ്രശ്നമാണ് എന്നാൽ ഒരു ഭീഷണിയല്ല” എന്നാണ് ട്രംപ് അനുകൂലികളുടെ ഇപ്പോഴത്തെ വിലയിരുത്തൽ.
കെന്നഡിയുടെ പിന്തുണ കൂടി വരുന്നതും ജനപ്രിയ മാധ്യമങ്ങളായ ഫോക്സ് ന്യൂസിലും ന്യൂസ് മാക്സിലും മറ്റും അദ്ദേഹത്തിന്റെ നിരന്തരമായ സാന്നിധ്യവും അദ്ദേഹത്തെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
റാഡിക്കൽ ഇടുപക്ഷക്കാരനായ കെന്നഡി ബൈഡൻ്റെ വോട്ടു ബാങ്കിലായിരിക്കും കയ്യിട്ടുവാരുക എന്നായിരുന്നു ട്രംപിൻ്റെ പ്രതീക്ഷ. അതിനാൽ തന്നെ കെന്നഡിയെ ആദ്യമൊക്കെ ട്രംപ് തന്നെ പ്രോൽസാഹിപ്പിച്ചിരുന്നു.
ബൈഡനിൽ നിന്ന് വോട്ടുകൾ അകറ്റുന്നത് പോലെ തന്നെ ട്രംപിൻ്റെ പിന്തുണയും കെന്നഡിക്ക് വെട്ടിക്കുറയ്ക്കാൻ കഴിയുമെന്ന് സമീപകാല സർവേകൾ പുറത്തു വന്നതോടെയാണ് കെന്നഡിക്കെതിരെ റിപ്പബ്ലിക്കൻമാർ തിരിയാൻ തുടങ്ങിയത്. പ്രസിഡൻ്റ് ജോ ബൈഡനെ സഹായിക്കാനാണ് കെന്നഡി സ്ഥാനാർഥിയായത് എന്ന പ്രചാരണം ട്രംപ് വ്യാപകമാക്കിയിട്ടുണ്ട്.
കെന്നഡിക്കെതിരെ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ ഒരു ദൈർഘ്യമേറിയ വിഡിയോ പോസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെ കെന്നഡിക്ക് വോട്ട്ചെയ്ത് വോട്ട് പാഴാക്കരുത് എന്ന് ട്രംപ് അമേരിക്കക്കാരോട് അഭ്യർഥിക്കുകയാണ് ഇപ്പോൾ.
Trump sees RFK Jr. as a problem for him too