ട്രംപ് വധശ്രമം: തോക്ക് വീട്ടിൽ നിന്ന് കാണാതായതായി അക്രമിയുടെ പിതാവ് നേരത്തേ തന്നെ പൊലീസിനെ അറിയിച്ചിരുന്നു

പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്സിൻ്റെ പിതാവ് അക്രമം നടക്കുന്നതിനു മുമ്പു തന്നെ പൊലീസിനെ വിളിച്ച് തൻ്റെ വീട്ടിൽ നിന്ന് തോക്ക് നഷ്ടമായ വിവരം അറിയച്ചെന്ന് റിപ്പോർട്ട്. തൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന എആർ-15 തോക്ക് കാണാനില്ലെന്നും തൻ്റെ മകനെ കാണാനില്ലെന്നും മാത്യു ക്രൂക്സ് പൊലീസിൽ അറിയിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ബിബിസി വാർത്ത.

ഇതു സത്യമാണെങ്കിൽ രണ്ടു കാര്യങ്ങൾ അനുമാനിക്കാം. ഒന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി. രണ്ട് തൻ്റെ മകൻ്റെ എന്തോ കാര്യം മാതാപിതാക്കളെ അലട്ടിയിരുന്നു. അല്ലെങ്കിൽ 20 വയസ്സുള്ള ഒരു മകനെ അഞ്ചോ ആറോ മണിക്കൂർ കാണാതായാൽ ഭയപ്പെടേണ്ട കാര്യമില്ല. മേജർ ഡിപ്രസീവ് ഡിസോർഡർ സംബന്ധിച്ച് യുവാവ് സേർച്ച് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ എന്തെങ്കിലും തരത്തിലുള്ള മനോരോഗത്തിന് ഇയാൾ ചികിൽസിച്ചതായി തെളിവുകളില്ല. അടിമുടി സുരക്ഷാ വീഴ്ച ആരോപിക്കുന്ന സാഹചര്യത്തിൽ ആ വെളിപ്പെടുത്തൽ അതിന്റെ ആഴം കൂട്ടിയിരിക്കുകയാണ്.

തോമസ് ക്രൂക്കിന്റെ ഫോണിൽ നിന്ന് ട്രംപിൻ്റെ ചിത്രം കൂടാതെ ബൈഡൻ അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ്, എഫ്ബിഐ ഡയറക്ടർ ക്രിസ് വ്രെ, ബ്രിട്ടീഷ് രാജകുടുംബാംഗം എന്നിവരുടേയും ചിത്രങ്ങളുണ്ടായിരുന്നു. കൂടാതെ ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനെ കുറിച്ചും ഇയാൾ സേർച്ച് ചെയ്തിരുന്നു.

എന്നാൽ മറ്റൊരുതരത്തിലുള്ള വിവരവും സംശയിക്കത്തക്ക രീതിയിൽ ഇവർക്ക് കിട്ടിയിട്ടില്ല.

Trump Shooter’s Father Called Cops to inform about his missing gun before Attack