വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. യുദ്ധ വിരാമവും ബന്ദി മോചനവും സംബന്ധിച്ച് ചർച്ച ചെയ്തതായി യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച് ട്രംപ് ക്യാംപെയ്ൻ പ്രതികരിച്ചില്ല.
കഴിഞ്ഞ മാസം അവസാനം നെതന്യാഹു യുഎസ് സന്ദർശിച്ച് പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്, ട്രംപ് എന്നിവരെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. ഈജിപ്ത്, അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങൾ വെടിനിർത്തൽ ചർച്ചകൾ പുനർ ആരംഭിക്കും.
മെയ് 31 ന് നടത്തിയ ഒരു പ്രസംഗത്തിൽ ബൈഡൻ മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തൽ നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. വാഷിംഗ്ടൺ ഗാസ കരാർ ക്രമീകരിക്കാൻ ശ്രമിക്കുകയാണെങ്കിലും ആവർത്തിച്ചുള്ള തടസ്സങ്ങൾ നേരിടുകയാണ്. ആ സാഹചര്യത്തിലാണ് ട്രംപിൻ്റെ പുതിയ നീക്കം.
ഖത്തറിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന പുതിയ റൗണ്ട് ഗാസ വെടിനിർത്തൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഹമാസ് ബുധനാഴ്ച അറിയിച്ചിരുന്നു, എന്നാൽ മധ്യസ്ഥർ പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുമായി കൂടിയാലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചർച്ചയെക്കുറിച്ച് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസയിലെ വെടിനിർത്തൽ മധ്യപൂർവദേശത്ത് ഉയർന്നുവരുന്ന വിശാലമായ യുദ്ധത്തിൻ്റെ ഭീഷണി കുറയ്ക്കുമെന്ന് വാഷിംഗ്ടൺ കരുതുന്നു.
Trump Talked to Netanyahu over Phone About Ceasefire