ആവനാഴിയിലെ പുതിയ അമ്പുകളുമായി ട്രംപ്; ഗർഭച്ഛിദ്രത്തെ എതിർക്കുന്ന സംഘടനയുമായി സംവദിക്കും

യഹൂദ-ക്രിസ്ത്യൻ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഗർഭച്ഛിദ്രത്തെ എതിർക്കുകയും ചെയ്യുന്ന ഒരു സംഘടനയായ ഡാൻബറി ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിക്കുന്ന ലൈഫ് & ലിബർട്ടി ഫോറത്തെ വിർച്വലായി അഭിസംബോധന ചെയ്യാൻ ഒരുങ്ങി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

ഗർഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണിത്. ഗർഭധാരണത്തിൽ നിന്നാണ് ജീവിതം ആരംഭിക്കുന്നതെന്ന് അവകാശപ്പെടുന്നു. കൂടാതെ “ഗർഭച്ഛിദ്രം അവസാനിപ്പിക്കണം. അത് പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല,” എന്നാണ് സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നത്.

ഗർഭച്ഛിദ്ര വിഷയം സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ഏപ്രിലിൽ ട്രംപ് പറഞ്ഞിരുന്നു. “ഗർഭച്ഛിദ്രത്തെക്കുറിച്ചും ഗർഭച്ഛിദ്രത്തിനുള്ള അവകാശങ്ങളെക്കുറിച്ചും എൻ്റെ നിലപാട് എന്താണെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഗർഭഛിദ്രം നിയമപരമാക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്ന ഈ ഘട്ടത്തിൽ അതിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വിടണമെന്നാണ് ഞാൻ കരുതുന്നത്. സംസ്ഥാനങ്ങൾ വോട്ടിലൂടെയോ നിയമനിർമ്മാണം നടത്തിയോ അല്ലെങ്കിൽ രണ്ടും സംയോജിപ്പിച്ചോ തീരുമാനിക്കട്ടെ. അവർ തീരുമാനിക്കുന്നതെന്തും രാജ്യത്തിൻ്റെ നിയമമായിരിക്കണം,” എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഗർഭാവസ്ഥയിൽ എപ്പോഴാണ് ഗർഭഛിദ്രം നിരോധിക്കേണ്ടതെന്ന തന്റെ അഭിപ്രായം ട്രംപ് പറഞ്ഞിരുന്നില്ല.

തിരഞ്ഞെടുപ്പ് ദിനം അടുക്കുമ്പോൾ പല വോട്ടർമാർക്കും ഗർഭച്ഛിദ്രാവകാശം ഒരു പ്രധാന പ്രശ്നമാണ്. ട്രംപും പ്രസിഡൻ്റ് ജോ ബൈഡനും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഈ വിഷയം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നുണ്ട്.