വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിക്കുകയും യുക്രെയ്നിലെ യുദ്ധം വര്‍ദ്ധിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് എതിരാളിയായ കമലാ ഹാരിസിനെതിരായ തിരഞ്ഞെടുപ്പ് വിജയത്തിന് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ പുതിയ നീക്കമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ചയാണ് ട്രംപ് പുടിനുമായി സംസാരിച്ചത്. യൂറോപ്പില്‍ അമേരിക്കയുടെ ഗണ്യമായ സൈനിക സാന്നിധ്യത്തെക്കുറിച്ചും ട്രംപ് പുടിനെ ഓര്‍മ്മിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ‘യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്കും ട്രംപ് താല്‍പ്പര്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി ട്രംപ് ബുധനാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ തുടര്‍ച്ചയായാണു പുട്ടിനുമായുള്ള സംഭാഷണം.
അതേസമയം, ജനുവരി 20 ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് യുക്രെയ്നിന് കഴിയുന്നത്ര സഹായം നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനമൊഴിയുന്ന ഡെമോക്രാറ്റിക് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
അധികാരത്തിലെക്കുള്ള ട്രംപിന്റെ മടങ്ങിവരവ് റഷ്യന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. പുടിന്‍-ട്രംപ് സംഭാഷണത്തെ സ്വാഗതം ചെയത് റഷ്യ ട്രംപ് സമാധാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, ഏറ്റുമുട്ടലിനെക്കുറിച്ചല്ലെന്നുള്ള ശുഭസൂചനയും പങ്കുവെച്ചിരുന്നു. തന്റെ പ്രചാരണ വേളയില്‍, യുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.