സൗദിയിലും ട്രംപ് ടവർ; ഗൾഫിൽ വൻ പദ്ധതികളുമായി ട്രംപിൻ്റെ കമ്പനി, സൗദി മെഗാ ഡെവലപ്പർ ദാർ അൽ അർക്കനുമായി കരാർ

സൗദി അറേബ്യയിൽ ട്രംപ് ടവർ നിർമിക്കാൻ പദ്ധതിയിടുന്നതായി ട്രംപ് ഓർഗനൈസേഷൻ വെളിപ്പെടുത്തി. സൗദി മെഗാ ഡെവലപ്പർ ദാർ അൽ അർക്കൻ്റെ രാജ്യാന്തര വിഭാഗമായ ഡാർ ഗ്ലോബലുമായി ചേർന്നാണ് ജിദ്ദയിൽ പുതിയ ടവർ നിർമിക്കുന്നത്.

“ഡാർ ഗ്ലോബലുമായുള്ള ദീർഘകാല ബന്ധത്തിലൂടെ മിഡിൽ ഈസ്റ്റിൽ ഞങ്ങളുടെ മുദ്ര പതിപ്പിക്കുന്നതിനും നിലവാരം ആഡംബരവും ചേർന്ന ഞങ്ങളുടെ നിർമാണ പദ്ധതികൾ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്,” ട്രംപ് ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മകനുമായ എറിക് ട്രംപ് പറഞ്ഞു.

സൗദി അറേബ്യൻ ആഡംബര വിപണിയെയും അന്താരാഷ്‌ട്ര നിക്ഷേപകരെയുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഡാർ ഗ്ലോബൽ പറഞ്ഞു.പൂർത്തിയായാൽ, ട്രംപ് ഓർഗനൈസേഷൻ്റെ സൗദി അറേബ്യയിലെ ആദ്യത്തെ പ്രധാന പദ്ധതിയായിരിക്കും ഇത്.

ട്രംപ് ഓർഗനൈസേഷനും ഡാർ ഗ്ലോബലും ചേർന്നു നിർമിക്കുന്ന 500 മില്യൺ ഡോളറിൻ്റെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടൽ പദ്ധതിയുടെ ഉദ്ഘാടനം ഒമാനിൽ കഴിഞ്ഞതേയുള്ളു. തൊട്ടുപിന്നാലെയാണ് ജിദ്ദയിലെ ട്രംപ് ടവർ പദ്ധതി പ്രഖ്യാപനം.
2028 ഡിസംബറിൽ തുറക്കാൻ പോകുന്ന പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയത്തിൽ ഒരു നൈറ്റ്ക്ലബ്ബും ഗോൾഫ് കോഴ്‌സും അംഗങ്ങൾക്ക് മാത്രമുള്ള ക്ലബ്ബും ഉൾപ്പെടും.

ട്രംപ് ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അദ്ദേഹത്തിന്റെ സ്വകാര്യ ബിസിനസ് താൽപര്യങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുതാണോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

“ട്രംപ് ഓർഗനൈസേഷൻ വിദേശ ബിസിനസ്സ് പ്രോജക്ടുകൾ പിന്തുടരുന്നത് അപകടകരമാം വിധം ദേശീയ സുരക്ഷയെ ബാധിക്കും. വലിയ അഴിമതിക്കു കാരണമാകും. വിദേശ വ്യാപാര നയം അടക്കം മാറ്റിയേക്കാവുന്ന ഭരണഘടനാപരമായ ആശങ്കകളും ഇത് ഉയർത്തും,” വാഷിംഗ്ടണിലെ സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിലിറ്റി & എത്തിക്‌സിൻ്റെ (CREW) സീനിയർ വൈസ് പ്രസിഡൻ്റും ചീഫ് കൗൺസലുമായ ഡൊണാൾഡ് കെ ഷെർമാൻ പറയുന്നു. ട്രംപ് പ്രസിഡൻ്റായിരുന്ന സമയത്ത് മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞത് 9.6 മില്യൺ ഡോളർ ലാഭമുണ്ടാക്കിയതായി CREW വെളിപ്പെടുത്തുന്നു. ട്രംപ് ഓർഗനൈസേഷൻ മുതലാളി ട്രംപ് ആണെങ്കിലും അദ്ദേഹത്തിൻ്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്നാണ് കുടുംബ ബിസിനസ്സ് നടത്തുന്നത്.

ട്രംപ് ഭരണകാലത്ത് വിദേശനയ ഉപദേഷ്ടാവായിരുന്ന മരുമകൻ ജരാഡ് കുഷ്‌നർ , തൻ്റെ ഇൻവെസ്റ്റ്മെൻ്റ് കമ്പനിക്കു വേണ്ടി സൗദി റോയൽ ഫണ്ടിൽ നിന്ന് 2 ബില്യൺ ഡോളർ നിക്ഷേപം നേടിയതായി റിപ്പോർട്ടുണ്ടായിരുന്നു.

Trump Tower is coming in Jeddah