‘അങ്ങനെ എന്നെ കീഴടക്കാമെന്ന് കരുതേണ്ട’; ട്രംപിന്റെ ഗോൾഫ് ക്ലബ്ബിന് സമീപം നടന്ന വെടിവെപ്പിൽ പ്രതി പിടിയിൽ, വധശ്രമമെന്ന് എഫ്ബിഐ

ഫ്ലോറിഡ: ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ വെടിവെപ്പിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ ആരെയും ഭയക്കുന്നില്ലെന്നും തന്നെ കീഴടക്കാമെന്ന് കരുതേണ്ടെന്നും സ്വന്തം ഫണ്ട്റൈസിങ് വെബ്സൈറ്റിൽ ട്രംപ് കുറിച്ചു.

“ഭയപ്പെടേണ്ട. ഞാൻ സുരക്ഷിതനായിരിക്കുന്നു. ആർക്കും അപകടം പറ്റിയിട്ടില്ല. ദൈവത്തിന് നന്ദി. പക്ഷെ, ഏതുവിധേനെയും നമ്മളെ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ ഈ ലോകത്തുണ്ട്. ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ഒരിക്കലും കീഴടങ്ങുകയുമില്ല. എനിക്ക് നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് സ്നേഹം മാത്രം. ഈ ഒരുമയിലൂടെ അമേരിക്കയെ ഒരിക്കൽ കൂടി നമുക്ക് മഹത്തരമാക്കാം,” ട്രംപ് കുറിച്ചു.

ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.

പ്രതിക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തെങ്കിലും എസ്‌യുവിയിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് കീഴ്പ്പെടുത്തി. പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. തോക്ക്, രണ്ട് ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തു നിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥിതിഗതികൾ വിലയിരുത്തി. യുഎസിൽ അക്രമത്തിന് ഇടമില്ലെന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കൂടിയായ കമല ഹാരിസ് വ്യക്തമാക്കി.