ഡൊണാൾഡ് ട്രംപിൻ്റെ “ഗോഡ് ബ്ലെസ് ദി യുഎസ്എ” ബൈബിളിൻ്റെ ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ചത് ചൈനയിൽ. അന്യായമായ വ്യാപാര രീതികൾ മൂലം അമേരിക്കയെ തകർക്കാൻ ശ്രമിക്കുന്നു, അമേരിക്കക്കാരുടെ തൊഴിൽ മേഖലയെ തകർക്കുന്നു തുടങ്ങിയ അതിഗുരുതര ആരോപണങ്ങൾ നാഴികയ്ക്ക് നാൽപതുവട്ടം ചൈനയ്ക്ക് എതിരെ ആരോപിക്കുന്ന ട്രംപാണ് ബൈബിൾ ചൈനയിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്നത്.
അസോഷ്യേറ്റഡ് പ്രസ് പുറത്തുവിട്ട വാർത്ത പ്രകാരം ചൈനയുടെ കിഴക്കൻ നഗരമായ ഹാങ്‌ഷൂവിലെ ഒരു പ്രിൻ്റിംഗ് കമ്പനി ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ 120,000 ബൈബിളുകൾ അമേരിക്കയിലേക്ക് അയച്ചു. ആഗോള വ്യാപാര രേഖകളിൽ ഇതു വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
കയറ്റുമതിയും ഇറക്കുമതിയും ട്രാക്കുചെയ്യുന്നതിന് കസ്റ്റംസ് ഡേറ്റ ഉപയോഗിക്കുന്ന ഡാറ്റാബേസുകൾ അനുസരിച്ച്, മൂന്ന് വ്യത്യസ്ത ഷിപ്പ്‌മെൻ്റുകളിലായി എത്തിയ ട്രംപിൻ്റെ ബൈബിളിൻ്റെ മൂല്യം അകദേശം 342000 ഡോളറാണ്. അതായത് ഒരു ബൈബിളിന് 3 ഡോളറിൽ താഴെയാണ് വില. ഈ ബൈബിൾ യുഎസിൽ വിൽക്കുന്ന കുറഞ്ഞവില 59.99 ഡോളറാണ്. അങ്ങനെ കണക്കുകൂട്ടിയാൽ പോലും ബൈബിൾ വിൽപ്പന വഴി മാത്രം ട്രംപിനു കിട്ടുന്ന ലാഭം ഏകദേശം 7 മില്യൺ ഡോളറാണ്.
“God Bless the USA” ബൈബിളുകൾ എവിടെയാണ് അച്ചടിച്ചതെന്നോ അവയുടെ വിലയെന്തെന്നോ ട്രംപ് പറഞ്ഞിട്ടില്ല; ട്രംപ് ഒപ്പിട്ട ഒരു കോപ്പി 1,000 ഡോളറിനാണ് വിൽക്കുന്നത്. ഓരോ വിൽപനയിലും തനിക്ക് എത്ര ലാഭം കിട്ടുന്നു എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ട്രംപിൻ്റെ ബൈബിളിൻ്റെ 70,000 കോപ്പികൾ കണ്ടെയ്‌നർ കപ്പൽ വഴി മാർച്ച് 28 ന് ലോസ് ഏഞ്ചൽസ് തുറമുഖത്ത് എത്തി, രണ്ട് ദിവസത്തിന് ശേഷം ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ബൈബിൾ വാങ്ങാൻ ട്രംപ് ആളുകളെ ആഹ്വാനം ചെയ്തിരുന്നു. ബൈബിളിൽ യുഎസ് ഭരണഘടന, സ്വാതന്ത്ര്യ പ്രഖ്യാപനം, അവകാശ ബിൽ, പ്രതിജ്ഞ എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടുന്നു. അമേരിക്കയെ വീണ്ടും മഹത്വത്തിലേക്ക് കൊണ്ടുവരാൻ (Make America Great Again) വേണ്ട ഏറ്റവും വലിയ കാര്യം തൻ്റെ മതമാണ് എന്നാണ് ഈ വിഡിയോയിൽ ട്രംപ് പറയുന്നത്. യഹൂദ-ക്രിസ്ത്യൻ മൂല്യങ്ങൾ ഒരുപക്ഷേ മുമ്പെങ്ങുമില്ലാത്തവിധം ആക്രമണത്തിനിരയായി കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ മുൻനിര ബൈബിൾ നിർമ്മാതാക്കളിൽ ഒന്നാണ് ചൈന, അതിനാൽ ട്രംപ് അംഗീകരിച്ച പതിപ്പ് അവിടെ അച്ചടിക്കുന്നത് അസാധാരണമല്ല.
“കസ്റ്റം ബൈബിൾ ബുക്ക് മാനുഫാക്ചറർ ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാങ്‌ഷൂവിലെ ഒരു പ്രിൻ്റിംഗ് കമ്പനിയായ ന്യൂ അഡെ കൾച്ചറൽ മീഡിയയാണ് എല്ലാ ബൈബിളുകളും അയച്ചത്. ബൈബിളുകൾ ഇറക്കുമതി ചെയ്യുന്ന അലബാമയിലെ ഫ്രീഡം പാർക്ക് ഡിസൈനിലേക്കാണ് ചൈനയിൽ നിന്നുള്ള ബൈബിൾ എത്തിയത്.
Trump’s God Bless USA Bible printed in Communist China