‘മക്കളില്ലാത്ത ക്യാറ്റ് ലേഡി’ എന്ന് കമലയെ വിളിക്കാൻ കാരണമുണ്ട്; വിശദീകരിച്ച് ജെ ഡി വാൻസ്

“മക്കളില്ലാത്ത ഒരു കൂട്ടം ക്യാറ്റ് ലേഡികൾ” എന്ന തന്റെ 2021ലെ പരാമർശത്തിൽ വിശദീകരണവുമായി ഡോണൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ ഡി വാൻസ്. വെള്ളിയാഴ്ച ദി മെഗിൻ കെല്ലി ഷോയുടെ ഭാഗമയാി സംസാരിക്കുകയായിരുന്നു വാൻസ്.

“വ്യക്തമായും, അത് പരിഹാസിക്കുന്ന തരത്തിലുള്ളൊരു അഭിപ്രായപ്രകടനം മാത്രമായിരുന്നു. എനിക്ക് പൂച്ചകൾക്കെതിരെ ഒരു പ്രശ്നവുമില്ല. ഞാൻ പറഞ്ഞതിന്റെ സാരാംശത്തിലല്ല, അതിലെ പരിഹാസത്തിലാണ് ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.”

“ഞാൻ പറഞ്ഞത് ലളിതമായ കാര്യമാണ്. കുട്ടികളുണ്ടാകുക, അച്ഛനാകുക, അമ്മയാകുക, ഇത് നിങ്ങളുടെ കാഴ്ചപ്പാടിനെ വളരെ ആഴത്തിലുള്ള രീതിയിൽ മാറ്റുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം ദി മെഗിൻ കെല്ലി ഷോയിൽ പറഞ്ഞു.

വിവിധ കാരണങ്ങളാൽ കുട്ടികളില്ലാത്ത ആളുകളെ വിമർശിക്കുകയല്ല ഞാൻ ചെയ്തത്. ഡെമോക്രാറ്റിക് പാർട്ടി കുടുംബ വിരുദ്ധരും കുട്ടി വിരുദ്ധരുമായി മാറിയതിനെക്കുറിച്ചാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മക്കളില്ലാത്തവർ ഭരിക്കാൻ യോഗ്യരല്ല എന്നും കമലാ ഹാരിസിനെ പോലുള്ള മക്കളില്ലാത്ത തൻ്റേടികളായ സ്ത്രീകൾക്ക് രാജ്യത്ത് ഭരണം നടത്താൻ സാധിക്കില്ല എന്നും 2021ലെ ഒരു ഫോക്സ് ന്യൂസ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ” മക്കളില്ലാത്ത ചില തൻ്റേടി സ്ത്രീകളുണ്ട്. അവരുടെ ചില തോന്നിയ തീരുമാനങ്ങൾ കൊണ്ട് അവരുടെ ജീവിതമോ ദുരിതത്തിലായി, എന്നു മാത്രമല്ല രാജ്യത്തെ മുഴുവൻ ദുരിതത്തിലാക്കാൻ അവർ ശ്രമിക്കുകയാണ്..” കമലാ ഹാരിസിലെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കമൻ്റ് ഇങ്ങനെയായിരുന്നു.