ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റിനെതിരെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പെന്‍സില്‍വേനിയയിലെ ഫിലാഡല്‍ഫിയയിലുള്ള എന്‍.സി.സി. സെന്ററില്‍ എ.ബി.സി. ന്യൂസ് സംഘടിപ്പിച്ച സംവാദത്തില്‍ ട്രംപും കമലയും ചൂടേറിയ വാക്‌പോരില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് കമലയ്ക്ക് പിന്തുണ അറിയിച്ചത്.
സംവാദത്തിന് ശേഷം ഫോക്സ് ആന്‍ഡ് ഫ്രണ്ട്സിന് നല്‍കിയ അഭിമുഖത്തില്‍, ടെയ്‌ലര്‍ സ്വിഫ്റ്റ് എല്ലായ്‌പ്പോഴും ഒരു ഡെമോക്രാറ്റിനെ അംഗീകരിക്കാറുണ്ടെന്നും അവര്‍ അതിന് ‘കനത്ത വില നല്‍കേണ്ടിവരുമെന്നും’ ട്രംപ് പറഞ്ഞു.
താനൊരു ടെയ്ലര്‍ സ്വിഫ്റ്റ് ആരാധകന്‍ ആയിരുന്നില്ലെന്ന് പറഞ്ഞ ട്രംപ്, തന്റെ സാമൂഹിക മാധ്യമ പോസ്റ്റ് ലൈക്ക് ചെയ്ത മുന്‍ ഫുട്‌ബോള്‍ താരം ബ്രിട്ടാണി മഹോംസിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. ബ്രിട്ടാണിയെ തനിക്ക് ഇഷ്ടമാണെന്നും അവര്‍ കഴിഞ്ഞ ആഴ്ച ഒരുപാട് വാര്‍ത്തകളില്‍ ഇടംപിടിച്ചെന്നും വലിയ ആരാധകവൃന്ദമുള്ള വ്യക്തിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം നവംബര്‍ അഞ്ചിന് നടക്കുന്ന യു.എസ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വോട്ടുചെയ്യുമെന്ന് പറഞ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റ്, ‘യോദ്ധാവ്’ എന്നായിരുന്നു കമലയെ വിശേഷിപ്പിച്ചത്.