
തിരുവനന്തപുരം: തലസ്ഥാനത്തെ അങ്കലാപ്പിലാക്കി കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശിയായ 13 കാരിയെ കണ്ടെത്തിയതായി സൂചന. പാലക്കാടുനിന്നും കുട്ടിയെ കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കാണാതായി 13 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു സൂചനയെത്തുന്നത്. അരോണയ് എക്‌സ്പ്രസ്സില്‍ കുട്ടി ഉണ്ടെന്നാണ് സംശയം. ട്രെയിന്‍ രാത്രി 12.15 ഓടെ പാലക്കാട് എത്തും. ശേഷം മാത്രമാകും ഇക്കാര്യത്തിൽ ഉറപ്പ് വരുത്താനാകുക. കോയമ്പത്തൂർ വരെയുള്ള ട്രെയിനിൽ പൊലീസ് പരിശോധന നടത്തുകയാണ്.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിത് തംസുമിനെയാണ് കാണാതായത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ലെന്നും എന്തെങ്കിലും വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു.