
ടെഹ്റാന്‍: യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനിയുടെ അനുസ്മരണാ ചടങ്ങിനിടെയുണ്ടായ ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ ഇസ്രയേലിനെയും യുഎസിനെയും കുറ്റപ്പെടുത്തി ഇറാന്‍. 103 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തെ ഭീകരാക്രമണമെന്നാണ് ഇറാന്‍ മുദ്രകുത്തിയത്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തെയും ചൊവ്വാഴ്ച ലെബനനില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവിനെ കൊലപ്പെടുത്തിയതിനെയും തുടർന്ന് പശ്ചിമേഷ്യയാകെ യുദ്ധം വ്യാപിക്കുമെന്ന ഭീതി നിലനിൽക്കെയാണ് ഇറാനിൻ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്.
എന്നാല്‍, അമേരിക്കയ്ക്കും സഖ്യകക്ഷിയായ ഇസ്രയേലിനും സംഭവത്തില്‍ പങ്കില്ലെന്ന പ്രതികരണവുമായി അമേരിക്കയും എത്തിയിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞത് ‘ഞങ്ങള്‍ ഹമാസുമായുള്ള പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ്.
2020-ല്‍ ബാഗ്ദാദില്‍ നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് റവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.