
ടെഹ്റാൻ: ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപം നടന്ന രണ്ട് ബോംബ് സ്‌ഫോടനങ്ങളിൽ 73 പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
തെക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ-സമാൻ പള്ളിക്ക് സമീപം നടന്ന ഘോഷയാത്രയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 171 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
ഇതൊരു ഭീകരാക്രമണമാണെന്ന് കെർമന്റെ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു റോഡിൽ നിരവധി മൃതദേഹങ്ങൾ കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്‌കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ സ്‌ഫോടനം പ്രാദേശിക സമയം ഉച്ചക്ക് ശേഷം 2.50- ഓടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്.
2020 ൽ അയൽരാജ്യമായ ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ സുലൈമാനിയെ അനുസ്മരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ ബുധനാഴ്ച ശവകുടീരത്തിലേക്ക് എത്തിയതായി റിപ്പോർട്ടുണ്ട്.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് സുലൈമാനി കണക്കാക്കപ്പെടുന്നത്.