നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ്, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നേഹ ഹിരേമത്തിന്റെ കൊലപാതകത്തിൽ ഫയാസും നേഹയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട രണ്ട് പേർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. കർണാടകയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ഹുബ്ബള്ളി ധാർവാഡ് കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമഠിന്റെ മകൾ നേഹ ഹിരേമത് കൊല്ലപ്പെട്ടത്. കൊലയാളിയായ ബെളഗാവി സ്വദേശി ഫയാസും പ്രണയത്തിലായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച രണ്ടു പേരാണ് അറസ്റ്റിലായത്.

ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേഹയുടെയും ഫയാസിന്റെയും ചിത്രം പങ്കുവച്ച്, ‘നേഹ – ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോർ ലവ്’ എന്നായിരുന്നു അറസ്റ്റിന് കാരണമായ പോസ്റ്റ്. നേഹയോട് ഫയാസ് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും നേഹ നിരസിച്ചതായും പിന്നാലെ നടന്നു ശല്യപ്പെടുത്തിയാൽ പൊലീസിൽ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും നേഹയുടെ പിതാവ് പറഞ്ഞു.

എന്നാൽ, നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്നാണ് ഫയാസിന്റെ മാതാവ് മുംതാസ് പ്രതികരിച്ചത്. ഇക്കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും അവർ വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ ‘ലവ് ജിഹാദ്’ ആണെന്ന് ആരോപിച്ചു് ബിജെപി രം​ഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു.

Two arrested over facebook post Neha and Fayas were relationship