തിരുവനന്തപുരം: അധികം വൈകാതെ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും. അടുത്ത ആറുമാസത്തിനിടെ രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ് വരാനിരിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും എം.എല്‍.എ ഷാഫി പറമ്പില്‍ വടകരയില്‍ വിജയം ഉറപ്പിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
അതേസമയം, കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ റായ്ബറേലിയിലെ വിജയം രാഹുലിനെക്കൊണ്ട് വയനാടിനോട് വിടപറയിച്ചേക്കുമെന്നാണ് കേരളത്തിന്റെയടക്കം വിലയിരുത്തല്‍. റായ്ബറേലിയിലെ വിജയത്തിലൂടെ വയനാട് ഉപേക്ഷിക്കാനാണ് രാഹുല്‍ തീരുമാനിക്കുന്നതെങ്കില്‍ വയനാട് ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പുണ്ടാകും. അതിനാണ് സാധ്യത ഏറെയും.
തിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എംഎല്‍എമാരെയും മന്ത്രിമാരെയും രംഗത്തിറക്കിയപ്പോള്‍ തന്നെ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും ഏതാണ്ട് ഉറപ്പായതാണ്. മാത്രമല്ല, പിണറായി മന്ത്രിസഭയിലെ കെ. രാധാകൃഷ്ണന്‍ എംപിയാകുന്നതോടെ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും വൈകാതെ ഉണ്ടാകും.