എലിവിഷം സൂക്ഷിച്ച എസി മുറിയില്‍ കിടന്നുറങ്ങി, 2 കുട്ടികൾക്ക് ദാരുണാന്ത്യം; സംഭവം ചെന്നൈയില്‍

ചെന്നൈ: ചെന്നൈയില്‍ എലിവിഷം വെച്ച എസി മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദർശനുമാണ് മരിച്ചത്. മാതാപിതാക്കളായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം.

ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടില്‍ എലിശല്യം രൂക്ഷമായതോടെ കീടങ്ങളെ ഇല്ലാതാക്കുന്ന കമ്പനിയെ ബന്ധപ്പെട്ടു. തുടർന്ന് ഇവരെത്തി എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. വീട്ടില്‍ രാത്രിയില്‍ എസി പ്രവർത്തിപ്പിച്ച്‌ കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയില്‍ കണ്ടെത്തി. സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കും മുൻപേ കുട്ടികൾ മരിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന.

More Stories from this section

family-dental
witywide