പത്തനംതിട്ട: തിരുവല്ല വേങ്ങേലിൽ കാറിനുള്ളിൽ രണ്ടുപേരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവല്ല തുകലശേരി സ്വദേശിയുടേതാണ് കാറെന്ന് പൊലീസ് അറിയിച്ചു. മരിച്ചത് വാഹനഉടമ തുകലശേരി സ്വദേശി തോമസ് ജോർജും (69) ഭാര്യ ലൈജി തോമസുമാണ് (63) എന്ന് സ്ഥലത്തെത്തിയവർ അറിയിച്ചു. സംഭവം ആത്മഹത്യയാണോയെന്നും പൊലീസ് സംശയിക്കുന്നു.
ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷമാണ് സംഭവം. പാടശേഖരത്താൽ ചുറ്റപ്പെട്ട ഒഴിഞ്ഞ ഒരു സ്ഥലത്തുവച്ചാണ് കാർ കത്തിയത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ കെടുത്തി. അപ്പോഴേക്കും കാർ പൂർണമായി കത്തി. വാഹന ഉടമയുടെ ബന്ധുക്കളെ അപകട സ്ഥലത്തെത്തിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് നടത്തി. ഒരു സ്‌ത്രീയുടെയും പുരുഷന്റെയും ശരീരം കാറിന്റെ മുൻ സീറ്റിലാണ് കണ്ടത്. തോമസ് ജോർജിനും ലൈജിയ്‌ക്കും സാമ്പത്തിക പ്രശ്‌നമുണ്ടെന്ന് പൊലീസ് അറിയിച്ചു.
two dies after car catch fire in pathanamthitta