
ന്യൂഡല്‍ഹി: അത്യാധുനിക സൈനിക വിമാനമായ ഫ്രഞ്ച് റഫാല്‍ ജെറ്റുകള്‍ ആകാശത്ത് കൂട്ടിയിടിച്ച് അപകടം. വടക്കുകിഴക്കന്‍ ഫ്രാന്‍സില്‍ ഉണ്ടായ അപകടത്തെത്തുടര്‍ന്ന് ഒരു ഇന്‍സ്ട്രക്ടറെയും വിദ്യാര്‍ത്ഥി പൈലറ്റിനെയും കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രണ്ട് സൂപ്പര്‍സോണിക് ജെറ്റുകളും സെന്റ് ഡിസിയര്‍ എയര്‍ ബേസില്‍ നിന്നുള്ളതാണെന്ന് പാരീസിലെ വ്യോമസേനാ വക്താവ് പറഞ്ഞു.
ഒരു വിമാനത്തിലെ പൈലറ്റ് സുരക്ഷിതനാണെന്നും പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു എക്‌സിലൂടെ അറിയിച്ചു. വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ കൊളംബെ-ലെസ്-ബെല്ലെസ് എന്ന പട്ടണത്തിന് മുകളിലാണ് കൂട്ടിയിടിയുണ്ടായത്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.
ശത്രുവിമാനങ്ങളെ വേട്ടയാടാനും കരയിലും കടലിലും ആക്രമണം നടത്താനും നിരീക്ഷണം നടത്താനും ഫ്രാന്‍സിന്റെ ആണവ ആയുധങ്ങള്‍ വഹിക്കാനും ഉപയോഗിച്ചിരുന്ന പ്രത്യേക വിമാനമാണ് റഫാല്‍ വിഭാഗത്തിലുള്ളത്. ഇത്തരം റഫാല്‍ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അപൂര്‍വമാണ്.