കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ഗുരുതര പരുക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

സിപിഎം പ്രവർത്തകരായ സാരിൽ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ വിനീഷിന്റെ രണ്ടു കൈപ്പത്തിയും അറ്റ നിലയിലാണ്. മുഖത്തും കൈയ്ക്കും പരുക്കേറ്റു. കണ്ണൂരിൽ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

മുളിയാതോട് മരമില്ലിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂർ സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.