ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്റെ വാഹനവ്യൂഹം ഇടിച്ച് ബൈക്ക് യാത്രികരായ 2 യുവാക്കള്‍ മരിച്ചു

ലഖ്നൗ: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനും കൈസര്‍ഗഞ്ച് ലോക്സഭാ സീറ്റില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായ കരണ്‍ ഭൂഷണ്‍ സിംഗിന്റെ വാഹനവ്യൂഹം ബൈക്കിലിടിച്ച് അപകടം. ദാരുണമായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ് അപകടം നടന്നത്. വിഐപി വാഹനവ്യൂഹത്തിന്റെ ഭാഗമായുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയാണ് ബൈക്കിലിടിച്ചത്. 17 ഉം 24 ഉം വയസുള്ളവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക്‌ നീതി ആവശ്യപ്പെട്ട് വന്‍ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. എസ്യുവിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടസമയത്ത് കരണ്‍ ഭൂഷണ്‍ സിംഗ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

ഇന്ന് രാവിലെ 9 മണിയോടെ തന്റെ 17 വയസ്സുള്ള മകന്‍ റെഹാനും 24 കാരനായ മരുമകന്‍ ഷഹ്സാദും മരുന്ന് വാങ്ങാന്‍ ബൈക്കില്‍ പോകുമ്പോള്‍ എതിരെ അമിതവേഗതയില്‍ വന്ന എസ്യുവി ഇടിക്കുകയായിരുന്നുവെന്ന് അമ്മ ചന്ദാ ബീഗം പരാതി നല്‍കി. എഫ്‌ഐആറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

More Stories from this section

family-dental
witywide