തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയുണ്ടായ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ട് കരിദിനം ആചരിക്കും. കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, എബ്രഹാമിന്റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ഇന്ന് കൈമാറുമെന്നും വത്സയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ 5 ലക്ഷം രൂപയും ഇന്ന് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും എബ്രഹാമിന്റെ കുടുംബം 50 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അബ്രഹാമിന്റെ സംസ്‌കാരം ഇന്ന് നടക്കും. കക്കയം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ വൈകിട്ടാണ് സംസ്‌കാരം. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വത്സയുടെ പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ക്കുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും. വത്സയോടുള്ള ആദര സൂചകമായി ഇന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചിടും.
പ്രതിഷേധങ്ങള്‍ക്കിടയിലും കക്കയത്തെ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ദൗത്യസംഘം ഇന്ന് എത്തും. കൂടുതല്‍ ഇടങ്ങളില്‍ ഫെന്‍സിങ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.