ടെക്സസ്: വാഹനപകടത്തിനിടെ റോഡിൽ കുടുങ്ങിയ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. ടെക്സസിൽ നടന്ന അപകടത്തിൽ പല തവണ മറിഞ്ഞ കാറിൽ നിന്ന് തെറിച്ചു വീണ രണ്ട് കുഞ്ഞുങ്ങളെയാണ് രക്ഷപെടുത്തിയത്. അപകടത്തിനിടെ ഹൈവേയുടെ മധ്യത്തിലാണ് ഡയപ്പർ ധരിച്ച കുഞ്ഞുങ്ങൾ കുടുങ്ങിയത്. റോഡിൽ ഓടിയെത്തിയ രണ്ടുപേർ ഈ കുട്ടികളെ രക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഞായറാഴ്ച രാത്രി ഫ്രീപോർട്ടിലെ ഇൻ്റർസ്റ്റേറ്റ് 10 ഈസ്റ്റ് ഫ്രീവേയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഫ്രീപോർട്ടിലെ ഈസ്റ്റ് ഫ്രീവേയുടെ പ്രധാന പാതയിലാണ് അപകടം നടന്നതെന്നും കുട്ടികൾ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട് കാറുകളാണ് അപകടത്തിൽ പെട്ടതെന്നും, കാറുകളിലൊന്ന് പലതവണ മറിഞ്ഞപ്പോളാണ് കുട്ടികൾ പുറത്തു വീണതെന്നുമാണ് മനസിലാകുന്നതെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് എന്നയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചിട്ടുണ്ട്.
കൂട്ടിയിടിക്കുമ്പോൾ കുട്ടികൾ കാർ സീറ്റിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്നത് വ്യക്തമല്ല. അപകടത്തിൽപ്പെട്ട മുതിർന്നയാളെയും രണ്ട് കുട്ടികളെയും ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി HCSO സീനിയർ ഡെപ്യൂട്ടി തോമസ് ഗില്ലിലാൻഡ് വ്യക്തമാക്കി. എല്ലാവരും അപകടനില തരണം ചെയ്തെന്നാണ് യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറിൽ ഒരു മുതിർന്നയാളും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും മറ്റേ കാറിലുണ്ടായിരുന്നവർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.