ആഹ്ലാദം…ആശ്വാസം…കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ 20 മണിക്കൂറിന് ശേഷം രക്ഷിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ രക്ഷപെടുത്തി. ലച്ചായന്‍ ഗ്രാമത്തിലെ 16 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടി വീണത്. തുടര്‍ന്ന് വൈകുന്നേരം 6.30 മുതല്‍ കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.

എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴിയെടുത്താണ് അധികൃതര്‍ കുട്ടിയെ പുറത്തെടുത്തത്. 18 മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ അടുത്തെത്തിയെങ്കിലും കുട്ടി രണ്ട് പാറകള്‍ക്കിടയില്‍ കുടുങ്ങിയതിനാല്‍ രണ്ട് മണിക്കൂര്‍ അധികം ചിലവഴിച്ച് പാറ നീക്കിയ ശേഷമാണ് കുട്ടിയെ രക്ഷപെടുത്തിയത്.

കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കുട്ടിയെ രക്ഷപ്പെടുത്തിയ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വീടിന് സമീപം കളിക്കാന്‍ പോയ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി തലകുത്തനെയാണ് കുഴലിലേക്ക് വീണതെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) ടീമുകളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്.

More Stories from this section

family-dental
witywide