
ടോക്കിയോ : ജപ്പാനില്‍ നാശംവിതച്ച് ഷാന്‍ഷാന്‍ ചുഴലിക്കാറ്റ്. ആറുപേര്‍ മരിച്ചതായാണ് വിവരം. കൊടുങ്കാറ്റിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും ജപ്പാനെ തളര്‍ത്തുന്നുണ്ട്. ശനിയാഴ്ചയോടെ ഷാന്‍ഷാന്‍ ചുഴലിക്കാറ്റ് ജപ്പാനിലൂടെ കിഴക്കോട്ട് നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് റോഡുകളില്‍ അടക്കം വെള്ളംകയറി വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് പൂര്‍ണമായും ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജപ്പാനിലെ ക്യൂഷുവിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇതോടെ റെക്കോര്‍ഡ് അളവിലുള്ള മഴയാണ് ജപ്പാനില്‍ പെയ്തിറങ്ങിയത്.
ഒരാളെ കാണാതാവുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ജപ്പാനിലെ ഫയര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. തെക്കന്‍ ക്യൂഷുവിന്റെ കഗോഷിമയില്‍ 35,000ത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ചുഴലിങ്കാറ്റിന്റെ വരവോടെ രാജ്യത്തുടനീളം വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.