വിയറ്റ്‌നാമിനെ കണ്ണീരിലാഴ്ത്തി ‘യാഗി’, ചുഴലിക്കാറ്റിൽ നഷ്ടമായത് 150 ലേറെ മനുഷ്യ ജീവൻ, രാജ്യത്ത് കനത്ത നാശം

ഹാനോയ്: വിയറ്റ്‌നാമിനെ കണ്ണീരിലാഴ്ത്തി ‘യാഗി’ ചുഴലിക്കാറ്റ്. യാഗി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 150 കടന്നെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. 210,000 ഹെക്ടറോളം കൃഷി നാശവുമുണ്ടായി. ഈ വര്‍ഷം ഏഷ്യയില്‍ വീശുന്ന ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി കഴിഞ്ഞ ദിവസമാണ് വിയറ്റ്നാമില്‍ തീരംതൊട്ടത്.

യാഗി തീരം തൊട്ടതോടെ കനത്ത മഴ വടക്കന്‍ വിയറ്റ്നാമിലുടനീളം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഹനോയിയിലെ റെഡ് നദിയുടെ ജലനിരപ്പ് ഓരോ മണിക്കൂറിലും 10 സെന്റീമീറ്റര്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച തെക്കന്‍ ചൈനയിലെ ഹൈനാന്‍ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റില്‍ എട്ട് ലക്ഷത്തോളം വീടുകള്‍ തകര്‍ന്നിരുന്നു. ചുഴലിക്കാറ്റ് ആദ്യം തീരംതൊട്ട ഫിലിപ്പീന്‍സില്‍16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.