
ദുബായ്: ഒമാനിലും യുഎഇയിലും രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെയുള്ള മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
റൺവേകളിൽ വെള്ളക്കെട്ടുണ്ടായതോടെ വ്യോമ ഗതാഗതം താറുമാറായി. ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന ഒമ്പത് വിമാനങ്ങളും ദുബായിലേക്ക് വരാനിരുന്ന എട്ട് വിമാന സർവീസുകളും റദ്ദാക്കി. ദുബായിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ വിമാത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടും.
പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡുകളിൽ വെളളം നിറഞ്ഞ സാഹചര്യത്തിൽ ദുബായ് മെട്രോ നാളെ രാവിലെ മൂന്ന് മണിവരെ സർവീസ് നടത്തും. മഴയ്‌ക്ക് പുറമേ കൊടുങ്കാറ്റും ഭീഷണിയാകുന്നുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സ്‌കൂളുകൾ ഓൺലൈനിലേക്കും സർക്കാർ ജീവനക്കാരെ ടെലി വർക്കിലേക്കും മാറ്റി. ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവ മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പ് നൽകുന്നു. വെള്ളക്കെട്ട് കാരണം ചില റോഡുകൾ ഗതാഗതയോഗ്യമല്ലാതായതിനാൽ വാഹനങ്ങൾ തകരാറിലാകുന്നുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി മുടക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.