
സ്വന്തം കിഡ്നി ദാനം ചെയ്ത് അവയവദാനത്തിന് മാതൃക കാട്ടിയ ഫാ: ഡേവിസ് ചിറമേൽ യുഎഇയുടെ അവയവദാന അംബാസഡർ. അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള യുഎഇയുടെ ദേശീയ പദ്ധതി ഹയാത്തിന്റെ അംബാസിഡറായി സ്ഥാനമേറ്റ ഫാ: ഡേവിസ് ചിറമേൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെർമാൻ കൂടിയാണ്. 2009 സെപ്റ്റംബർ 30ന് തൃശൂർ വാടാനപ്പള്ളി സ്വദേശിയായ ഗോപിനാഥിനാണ് ഇദ്ദേഹം കിഡ്നി ദാനം ചെയ്തത്.
അവയവ ദാനത്തിൽ 5 വർഷത്തിനിടെ യുഎഇ 417% വളർച്ച കൈവരിച്ചതായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഓർഗൻ ഡൊണേഷൻ ആൻഡ് പ്രൊക്യൂർമെന്റ് അഭിപ്രായപ്പെട്ടു. മരണശേഷം അവയവം ദാനം ചെയ്യുന്നവരുടെ എണ്ണത്തിലെ വർധനയാണ് ഈ അംഗീകാരത്തിനു കാരണം. ദുബായിൽ കഴിഞ്ഞ ആരംഭിച്ച യുഎഇ അവയവ ദാന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ അവയവദാന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇ സുപ്രധാന മുന്നേറ്റങ്ങൾ നടത്തിയതായും സമ്മേളനം ചൂണ്ടിക്കാട്ടി. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉൾപ്പെടെ ആഗോള തലത്തിലെ എണ്ണായിരത്തിലേറെ പേർ 4 ദിവസം നീളുന്ന സമ്മേളനത്തിൽ നേരിട്ടും വെർച്വലായും പങ്കെടുക്കുന്നുണ്ട്.
അവയവങ്ങളും കോശങ്ങളും ദാനം ചെയ്യുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള ദേശീയ പദ്ധതി ഹയാത്തിന്റെ നേട്ടങ്ങളും വിശദീകരിച്ചു. രോഗികൾക്ക് പുതുജീവിത പ്രതീക്ഷ നൽകുന്നതിലും ദാതാക്കളെ പ്രാപ്തരാക്കുന്നതിലും യുഎഇയുടെ ഹയാത്ത് പദ്ധതി സുപ്രധാന പങ്കുവഹിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പദ്ധതിയിൽ ഇതിനകം 52 രാജ്യക്കാർ പങ്കെടുത്തു.