യുഎഇയിൽ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; എല്ലാം വെള്ളത്തിനടിയിൽ

ദുബായ്: കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച് യുഎഇ. 1949-ൽ ഡാറ്റാ ശേഖരണം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് പെയ്തതെന്നാണ് റിപ്പോർട്ട്. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം 24 മണിക്കൂറിനിടെ 254. 8 മില്ലി മീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച മുതൽ യുഎഇയിൽ‌ തോരാതെ മഴ പെയ്യുകയാണ്.

രാജ്യത്ത് മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 40 വയസ്സുള്ള സ്വദേശി പൗരനാണ് റാസല്‍ഖൈമയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. റോഡുകളിലും ഹൈവേകളിലും വെള്ളം കയറി. ഗതാഗതം താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും നിരവധി ഷോപ്പിംഗ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും ചെയ്തു. കോടികണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് മഴയില്‍ ഉണ്ടായത്.

കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളമാണ്. ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലും വെള്ളം കയറി. അല്‍ഐനില്‍ മാത്രമാണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ദുബായ് ഭരണാധികാരികള്‍ അഭ്യര്‍ഥിച്ചിരുന്നു. ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് അലർട്ട് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശവാസികള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ പറഞ്ഞു. ദുബായില്‍ ബുധനാഴ്ചയും സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലായിരിക്കും. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും അനുവദിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide