
അബുദാബി: യു എ ഇ നടപ്പാക്കിയ സ്വദേശിവത്കരണ നടപടികളിൽ വൻ കുതിപ്പ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ എണ്ണം 1 ലക്ഷം കടന്നു. ചരിത്രത്തിലാദ്യമായാണ് ഇതെന്നും അതീവ സന്തോഷമുണ്ടെന്നും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1 ലക്ഷം പൗരന്മാർക്ക് കൂടി തൊഴിൽ സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിലാണ് യു എ ഇയുടെ സ്വദേശിവത്ക്കരണത്തിൽ സ്വകാര്യ മേഖലയിൽ വൻ കുതിപ്പുണ്ടായതെന്നും അദ്ദേഹം വിവരിച്ചു.
സ്വകാര്യ തൊഴിൽ മേഖലയിൽ സ്വദേശി പൗരന്മാരെ പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച പദ്ധതികളും നാഫിസ് പ്രോഗ്രാമുമാണ് വലിയ നേട്ടത്തിന് കാരണമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിൽ കുറിച്ചിട്ടുണ്ട്. യു എ ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യനാണ് പദ്ധതി തുടങ്ങിയത്. 2400 കോടി ദിർഹമാണ് ഇതിനായി വകയിരുത്തിയത്. ഓരോ 6 മാസവും ഈ പദ്ധതി പ്രത്യേകം പരിശോധിക്കുകയും വിലയിരുത്തുകയും തുടർ നടപടികളെടുക്കുകയും ചെയ്യുന്ന നിലയിലാണ് കാര്യങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.
UAE Prime Minister Sheikh Mohammed bin Rashid Al Maktoum about Indigenization