മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മഹാരാഷ്ട്രയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്കെതിരെ രൂക്ഷ വിമർശനം നടത്തി. ഉദ്ധവിനെ ഔറംഗസേബ് ഫാൻസ് ക്ലബ്ബിന്റെ നേതാവാണെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. ‘ഈ ഔറംഗസേബ് ഫാൻസ് ക്ലബ്ബിന് രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല. ആരാണ് ഈ ഔറംഗസേബ് ഫാൻസ് ക്ലബിന്റെ ആളുകള്‍? അത് മഹാ വികാസ് അഘാഡിയാണ്, ഉദ്ധവ് താക്കറെയാണ് ഔറംഗസേബ് ഫാൻ ക്ലബ്ബിൻ്റെ നേതാവ്. ബാലാസാഹെബിൻ്റെ അനന്തരാവകാശിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉദ്ധവ് താക്കറെ, അജ്മൽ കസബിനെ ബിരിയാണി തീറ്റിച്ചവരുടെ മടിയിൽ ആണ് ഇരിക്കുന്നത്’- എന്നാണ് പുനെയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ ഷാ പറഞ്ഞത്.
പോപുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നവരുടെ മടിയിലാണ് ഉദ്ധവ് താക്കറെ ഇപ്പോൾ ഇരിക്കുന്നത് . യാക്കൂബ് മേമനെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചവരുടെ കൂടെയാണ് നിങ്ങളെന്നും ഉദ്ധവിനോട് അമിത് ഷാ പറഞ്ഞു. ഔറംഗസേബ് ഫാൻസ് ക്ലബ്ബിന് രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയില്ലെന്നും ബിജെപിക്ക് മാത്രമെ രാജ്യത്തെയ സുരക്ഷിതമാക്കാൻ കഴിയൂ എന്നും ഷാ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയെ സംരക്ഷിക്കാനും ബിജെപിക്ക് മാത്രമേ സാധിക്കു എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
നാഷണൽ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിനെതിരെയും അമിത് ഷാ രൂക്ഷ വിമർശനം നടത്തി. രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാറെന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. ഈ രാജ്യത്ത് അഴിമതിയെ സ്ഥാപനവൽക്കരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അത് ശരദ് പവാർ ആണെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി കോൺഗ്രസ് വലിയ കളവുകളാണ് പ്രചരിപ്പിക്കുന്നത് എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് എപ്പോഴാണ് ആദിവാസികൾക്കും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ചിരുന്നതെന്നും ഷാ ചോദിച്ചു. അവർക്ക് വേണ്ടി ഒന്നും ചെയ്യാത്ത കോൺഗ്രസ് ബിജെപി വന്നാൽ സംവരണം അവസാനിപ്പിക്കും എന്ന് നുണ പ്രചരിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി നൽകി കൊണ്ടാണ് ബിജെപി ഭരണം നടത്തുന്നത് എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.