സി പി ഐയെ യു ഡി എഫ് മുന്നണിയിലേക്ക് ക്ഷണിച്ച് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ രംഗത്ത്. എൽ ഡി എഫ് മുന്നണി വിട്ട് പുറത്ത് വരണമെന്ന് സി പി ഐ പുറത്ത് വരേണ്ട സമയമായെന്നാണ് ഹസൻ പറഞ്ഞത്. സി പി എമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സി പി എം പിരിച്ചുവിടേണ്ട സമയമായെന്നും എം എം ഹസ്സൻ പറഞ്ഞു.
സി പി എമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം എല്‍ ഡി എഫിന് നേതൃത്വം നല്‍കാന്‍ സി പി എമ്മിന് അര്‍ഹതിയില്ലെന്ന് തിരിച്ചറിയണമെന്നും മുന്നണി വിട്ട് പുറത്തുവരാന്‍ തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
സി പി എമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സി പി എം പിരിച്ച് വിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വഴിമാറിയുള്ള സി പി എം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനത്തിലൂടെ അടിവരയിടുന്നു. ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് ചെയ്യാന്‍ സി പി എം അണികള്‍ തീരുമാനിച്ചത്. നേതാക്കള്‍ പകര്‍ന്ന് നല്‍കിയ അന്ധമായ കോണ്‍ഗ്രസ് വിരോധവും സ്വന്തം നേതാക്കള്‍ക്ക് ബി ജെ പി നേതാക്കളോടുളള അടുപ്പവും സി പി എം അണികളെ ബി ജെ പിയിലേക്ക് അടുപ്പിക്കുകയും ചെയ്തു. സി പി എമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് കണ്ണൂർ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടി എം വി ഗോവിന്ദനും കാട്ടണമെന്നും ഹസന്‍ പറഞ്ഞു.
മനു തോമസിന്റെ വെളിപ്പെടുത്തലിലൂടെ സി പി എമ്മിന്റെ അന്ത്യത്തിന് അവരുടെ ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരില്‍ നിന്ന് തന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് മുതല്‍ സി പി എം നേതാക്കള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണ്. അത് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് മനുതോമസ് തന്റെ ആരോപണത്തിലൂടെയെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി. ‘എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് സി പി എമ്മിന്റെ കാര്യത്തില്‍ ഇപ്പോള്‍ അര്‍ത്ഥവത്തായെന്നും ഹസന്‍ പരിഹസിച്ചു.