പാലക്കാട്: കേരളത്തിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ പി വി അൻവറിന്‍റെ പാർട്ടിയെ ഒപ്പം നിർത്താൻ യു ഡി എഫ് നീക്കം. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യു ഡി എഫ് ആവശ്യപ്പെട്ടു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും, തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നുമാണ് യു ഡി എഫ് നേതാക്കള്‍ അന്‍വറിനോട് ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്‍വറിനോട് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. പിന്തുണ ആവശ്യപ്പെട്ട് യു ഡി എഫ് നേതാക്കൾ തന്നെ ബന്ധപ്പെട്ടെന്ന് അൻവർ തന്നെ വെളിപ്പെടുത്തി. എന്നാൽ പാലക്കാട് പിന്തുണയ്ക്കാൻ ചേലക്കരയിൽ ഉപാധിവെച്ചെന്നും അൻവർ വ്യക്തമാക്കി. ചേലക്കരയിലെ യു ഡി എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡി എം കെ സ്ഥാനാർത്ഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് യു ഡി എഫിന് മുന്നിൽ വെച്ചതെന്നും അൻവർ വിശദീകരിച്ചു.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പരിഹസിച്ചു. പിണറായിസം ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കണം. ആർഎസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിർക്കണം. യുഡിഎഫ് നേതാക്കൾ ഇപ്പോഴും ചർച്ചകൾ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അൻവർ വ്യക്തമാക്കി.