കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടും കേന്ദ്ര അവഗണനക്കുമെതിരെ നവംബര്‍ 19 ന് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആദ്യം യുഡിഎഫും പിന്നാലെ എല്‍ഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകായിരുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി സിദ്ദിഖ് എംഎംഎല്‍ എ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.