ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ ആലോചിക്കുന്നു. ഉപമുഖ്യമന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചാൽ സർക്കാരിലെ രണ്ടാമത്തെ അധികാരിയായിരിക്കും അദ്ദേഹമെന്ന് മുതിർന്ന പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

പാർട്ടിയിലെ രണ്ടാം നിര നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരിക്കും ഉദയനിധിയുടെ സ്ഥാനക്കയറ്റമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഓഗസ്റ്റ് 22 ന് മുഖ്യമന്ത്രി സ്റ്റാലിൻ യുഎസിലേക്ക് പോകുന്നതിന് മുമ്പ് സ്റ്റാലിൻ ജൂനിയർ ഉപമുഖ്യമന്ത്രിയായി ഉയർത്തപ്പെടുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

പിതാവ് മത്സരിക്കാൻ സാധ്യതയില്ലാത്തതിനാൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദയനിധി സ്റ്റാലിൻ ഡിഎംകെയുടെ മുഖമാകുമെന്നും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ സ്റ്റാലിൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ എസ് ഭാരതി വ്യക്തമാക്കി. മന്ത്രി ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയർത്തുന്ന കാര്യം മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് തീരുമാനിക്കേണ്ടതെന്നും അത് സംഭവിക്കുമ്പോൾ തീർച്ചയായും പ്രഖ്യാപിക്കുമെന്നും ഭാരതി പറഞ്ഞു.

സംസ്ഥാനത്ത് ഡിഎംകെ തൂത്തുവാരിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉദയനിധി സ്റ്റാലിൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.