ഭാര്യയെ കൊന്ന് 200ലധികം കഷ്ണങ്ങളാക്കി, വളര്‍ത്തുമൃഗങ്ങളെ വാഷിംഗ് മെഷീനിലും അവനിലും ഇട്ട് കൊന്നു, ക്രൂരകൊലപാതകം നടന്നത് യുകെയില്‍

ലണ്ടന്‍: യുകെയെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം. 28 കാരനായ യുവാവ് തന്റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ശരീരം 200 ലധികം കഷണങ്ങളാക്കി മുറിച്ച് ഒരാഴ്ച തന്റെ അടുക്കളയില്‍ സൂക്ഷിച്ചു. ഒടുവില്‍ ഈ കഷ്ണങ്ങളെല്ലാം ഒരു നദിയില്‍ എറിയുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നത്. നിക്കോളാസ് മെറ്റ്സണ്‍ എന്ന യുവാവാണ് തന്റെ ഭാര്യ ഹോളി ബ്രാംലി(26)യെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. 2023ലായിരുന്നു നിക്കോളാസ് കൊലനടത്തിയത്. യുവാവ് കിടപ്പുമുറിയില്‍ വച്ച് ഭാര്യയെ പലതവണ കുത്തുകയും കുളിമുറിയിലെത്തിച്ച മൃതദേഹം വെട്ടിനുറുക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ മൃതദേഹം നദിയില്‍ എറിഞ്ഞത്.

സംഭവത്തെത്തുടര്‍ന്നുള്ള ഒരു ദിവസം പ്രഭാതസവാരിക്കിറങ്ങിയ ഒരാളാണ് നദിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഒരു ബാഗില്‍ മനുഷ്യന്റെ കൈയും മറ്റൊന്നില്‍ തലയും കണ്ടെത്തി. മുങ്ങല്‍ വിദഗ്ധര്‍ 224 ശരീരഭാഗങ്ങള്‍ നദിയില്‍ നിന്നും കണ്ടെത്തി. എന്നാല്‍ ഹോളി ബ്രാംലിയുടെ എല്ലാ ശരീരഭാഗങ്ങളും ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണകാരണം കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് മൃതദേഹം വെട്ടി നുറുക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

തന്റെ മകള്‍ വിവാഹിതയായിട്ട് 16 മാസമേ ആയിട്ടുള്ളൂവെന്നും തന്റെ കുടുംബത്തെ കാണാന്‍ മകളെ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ലെന്നും ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നുവെന്നും യുവതിയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മുമ്പ് വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പ്രതി അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഒരിക്കല്‍ വീട്ടില്‍ വളര്‍ത്തിയിരു ഹാംസ്റ്ററിനെ ബ്ലെന്‍ഡറിലും മൈക്രോവേവ് അവനിലുമിട്ട് പ്രതി കൊലപ്പെടുത്തിയിരുന്നു. മാത്രമല്ല, നായ്ക്കുട്ടിയെ ഒരു വാഷിംഗ് മെഷീനില്‍ ഇട്ടും പ്രതി കൊലപ്പെടുത്തിയിരുന്നു. ഇതോടെ ഭാര്യ തന്റെ വളര്‍ത്തുമുയലുകളുമായി പോലീസില്‍ അഭയം തേടിയ സംഭവവും ഉണ്ടായിട്ടുണ്ട്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, ‘എന്റെ ഭാര്യ മരിച്ചാല്‍ എനിക്ക് എന്ത് നേട്ടമാണ്’, ‘അവര്‍ മരിച്ചതിന് ശേഷം ആരെങ്കിലും എന്നെ വേട്ടയാടുമോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും അന്വഷണ സംഘം വ്യക്തമാക്കി. കൊലയാളി തന്റെ ഭാര്യയെ എങ്ങനെ, എന്തിന് കൊന്നുവെന്ന് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ കണ്ടെത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടു. കേസിന്റെ വിധി കോടതി തിങ്കളാഴ്ച പറയും.

More Stories from this section

family-dental
witywide