ലണ്ടൻ: പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി റിഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സർവേകൾ. ബുധനാഴ്‌ച നടന്ന മൂന്ന് പ്രധാന സർവേകൾ പ്രകാരം ജൂലൈ 4 ന് നടക്കുന്ന യുകെ പൊതുതെരഞ്ഞെടുപ്പിൽ റിഷി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടും. പ്രധാനമന്ത്രിക്ക് പോലും സീറ്റ് നഷ്ടപ്പെടുമെന്ന് പ്രവചനങ്ങൾ പറയന്നു.
ഡെയ്‌ലി ടെലിഗ്രാഫിനായി സാവന്തയും ഇലക്‌ടറൽ കാൽക്കുലസും നടത്തിയ സീറ്റ് ബൈ സീറ്റ് വിശകലനത്തിൽ അടുത്ത മാസത്തെ വോട്ടെടുപ്പിൽ വെറും 53 സീറ്റുകൾ മാത്രമാണ് കൺസർവേറ്റീവ് പാർട്ടി നേടുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തകർച്ച. യൂഗോവ് സർവേയിൽ കൺസരർവേറ്റീവ് പാർട്ടി 108 സീറ്റുകൾ നേടും. ന്യൂസ് ഏജൻ്റ്സ് പോഡ്‌കാസ്റ്റിനായുള്ള മോർ ഇൻ കോമൺ സർവേയിൽ ഭരണകക്ഷി 155 സീറ്റുകൾ നേടുമെന്നും പറയുന്നു.
സുനക്കിനെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിയായിരിക്കും തെരഞ്ഞെടുപ്പ് ഫലവം. സേവനമനുഷ്ഠിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് തോൽവിയെന്നത് അപൂർവമാണ്. ടോറി ആർതർ ബാൽഫോറിന് 1906-ൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഒരു മാസത്തിന് ശേഷം സീറ്റ് നഷ്ടപ്പെട്ടതാണ് മുൻപുള്ള ചരിത്രം. മൂന്ന് സർവേകളും ലേബർ നേതാവ് കെയർ സ്റ്റാർമറിനെ പ്രധാനമന്ത്രിയായി പ്രവചിക്കുന്നു. പ്രതിപക്ഷം 162-200 സീറ്റുകളുടെ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് സർവേകൾ പറയുന്നു. ലേബർ പാർട്ടിക്ക് 406 സീറ്റുകൾ വരെ ലഭിക്കാം.
ലിബറൽ ഡെമോക്രാറ്റുകൾ കാര്യമായ നേട്ടമുണ്ടാക്കുമെന്നും മൂന്നാം കക്ഷി എന്ന നില വീണ്ടെടുക്കുമെന്നും സർവേ പ്രവചിക്കുന്നു. ബ്രെക്‌സിറ്റ് പ്രചാരകനായ നൈജൽ ഫാരേജിൻ്റെ റിഫോം യുകെ പാർട്ടി അഞ്ച് സീറ്റുകൾ വരെ നേടാം. റിച്ച്‌മണ്ടിലും നോർത്തല്ലെർട്ടണിലും സുനക് 29% വോട്ട് ഷെയറിലേക്ക് വീഴുമെന്നും സാവന്ത സർവേ പറയുന്നു. എന്നാൽ മറ്റ് രണ്ട് സർവേകളും പ്രധാനമന്ത്രി തൻ്റെ സീറ്റ് നിലനിർമെന്നും പറയുന്നു.
UK PM Rishi Sunak may lose his seat, Conservative Party heading for wipeout, says surveys