ന്യൂഡല്‍ഹി: യുക്രെയ്നും റഷ്യയും 90 യുദ്ധത്തടവുകാരെ വീതം കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2022 മുതല്‍ റഷ്യ യുക്രെയിനില്‍ അധിനിവേശം നടത്തുകയാണ്. അഞ്ച് മാസത്തിനിടെ ഇരു കക്ഷികള്‍ തമ്മിലുള്ള ഏറ്റവും വലിയ കൈമാറ്റമാണിത്.
മെയ് അവസാനത്തോടെ യു.എ.ഇ.യുടെ മധ്യസ്ഥതയില്‍ 75 തടവുകാരെ വീതം കൈമാറിയതാണ് ഇരു കക്ഷികള്‍ തമ്മില്‍ നടന്ന അവസാന കൈമാറ്റം. ഫെബ്രുവരിയില്‍, ഇരുപക്ഷവും 100 തടവുകാരെ വീതം കൈമാറിയിരുന്നു. ചൊവ്വാഴ്ച പ്രഖ്യാപിച്ച കരാറില്‍ യുഎഇ മധ്യസ്ഥത വഹിച്ചു.
‘ഇന്ന്, ഞങ്ങളുടെ 90 പേര്‍ കൂടി റഷ്യന്‍ അടിമത്തത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. റഷ്യന്‍ അടിമത്തത്തിലുള്ള ഞങ്ങളുടെ എല്ലാ ആളുകളെയും ഞങ്ങള്‍ ഓര്‍ക്കുന്നു. അവരില്‍ ഓരോരുത്തരുടെയും മോചനത്തിനായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നു’ എന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
അതേസമയം, തടങ്കലില്‍ മാരകമായ അപകടത്തിലായ തങ്ങളുടെ 90 സൈനികരെ യുക്രെയ്ന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് തിരിച്ചയച്ചതായി റഷ്യയും വ്യക്തമാക്കി. മോചിപ്പിക്കപ്പെട്ടവരെ മോസ്‌കോയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുമെന്നും റഷ്യ അറിയിച്ചു.