റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ രഹസ്യമായി അമേരിക്ക നൽകിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്‌ൻ ആക്രമണം നടത്തി. കഴിഞ്ഞമാസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയ 30 കോടി ഡോളർ സഹായ പാക്കേജിന്റെ ഭാഗമായുള്ള ആയുധങ്ങൾ കഴിഞ്ഞ ദിവസമാണ് യുക്രെയ്ന് കൈമാറിയത്. ഇതിന്‍റെ ഭാഗമായിരുന്നു ദീർഘദൂര ബാലിസ്റ്റിക് മിസൈൽ.
നേരത്തെ ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റത്തിൻ്റെ (എടിഎസിഎംഎസ്) മിഡ് റേഞ്ച് റോക്കറ്റുകൾ റഷ്യയെ ആക്രമിക്കാനായി അമേരിക്ക യുക്രെയ്ന് നൽകിയിട്ടുണ്ടെങ്കിലും ദീർഘദൂര മിസൈലുകൾ നൽകിയിരുന്നില്ല. പിന്നീടാണ് ദീർഘദൂര മിസൈൽ ബൈഡന്റെ പച്ചക്കൊടി ലഭിച്ചതോടെ കൈമാറുന്നത്. യുക്രെയ്‌ന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചായിരുന്നു അവയുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കാതിരുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ക്രിമിയയിലെ തുറമുഖ നഗരമായ ബെർഡിയാൻസ്കിൽ റഷ്യൻ സൈനികർക്കെതിരായ ആക്രമണത്തിലും പുതിയ മിസൈലുകൾ ഉപയോഗിച്ചിട്ടുണ്ട്.
ഇന്നലെ അമേരിക്കൻ സെനറ്റ് യുക്രെയ്ന് 61 ബില്യൺ ഡോളർ സഹായം നൽകുന്ന ബിൽ പാസാക്കിയിട്ടുണ്ട്. ഇതും ആയുധങ്ങളായായിരിക്കും യുക്രെയിനിന് കൈമാറുക. 2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. തുടങ്ങിയ ഉടൻ തന്നെ റഷ്യ വിജയിക്കുമെന്ന് കരുതിയ യുദ്ധമാണ് ഇപ്പോൾ രണ്ട് വർഷം പിന്നിടുന്നത്.
Ukraine Used US Long Range Missiles Against Russia